ചാവക്കാട് : പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിനെതിരെയുള്ള നിരാഹാര സമരം അഞ്ചാം ദിവസം തുടരുന്നതിനിടെ പോലീസിന്‍റെ സഹായത്തോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം തള്ളി. സമരക്കാരുടെ പ്രതിഷേധം വകവെക്കാതെയാണ് നഗരസഭയുടെ രണ്ടു വണ്ടി മാലിന്യം പരപ്പില്‍ താഴത്ത് വീണ്ടും നിക്ഷേപിച്ചത്. ഇന്നലെ രണ്ട് വട്ടം തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിരാഹാരമിരിക്കുന്ന സോഫിയയുമായും സമരാനുഭാവികളോടും ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍  കലക്ടറോ കലക്ടറുടെ പ്രതിനിധിയോ സ്ഥലം സന്ദര്‍ശിക്കുന്നത് വരെ മാലിന്യം തള്ളില്ലെന്നു ഉറപ്പ് നല്‍കിയിരുന്നതായി സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തഹസില്‍ദാറുടെ വാക്കുകള്‍ക്കും വാഗ്ദാനങ്ങള്‍ക്കും യാതൊരു വിലയും ഇല്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് മാലിന്യവുമായി പോലീസ് അകമ്പടിയോടെ വാഹനങ്ങള്‍ എത്തിയത്.