യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുവായൂരില്‍ നിന്ന് പിടികൂടി
ഗുരുവായൂര്‍ : കോട്ടയം ഏറ്റുമാനൂരില്‍ കൂടെതാമസിക്കുന്ന യുവാവിനെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുവായൂരില്‍ നിന്ന് പിടികൂടി. ഗുരുവായൂര്‍ പോലീസ് നടത്തിയ അതി സമര്‍ത്ഥമായ അന്വേഷണത്താനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഒഡീഷ കേല്‍ഹണ്ടി ഗോപിനാപൂര്‍ സ്വദേശി ശശികുമാര്‍(18) എന്നുവിളിക്കുന്ന ശശിനായിക്കിനെയാണ് എ.സി.പി. പി.ഐ ശിവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയുടെ അയല്‍വാസിയായ ജുഗു എന്നുവിളിക്കുന്ന ചന്ദ്രമണി ദുര്‍ഗ(28)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഏറ്റുമാനൂര്‍ എം.സി റോഡില്‍ പാറോലിന്‍ കവലയിലുള്ള കന്യാകുമാരി സ്വദേശി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജയം സ്‌റ്റോണ്‍വര്‍ക്കസ് എന്ന സ്ഥാപനത്തിലെ ജോലിക്കാരാണിരുവരും. മൂന്ന് വര്‍ഷം മുന്‍പാണ് ഇരുവരും ഇവിടെ ജോലിക്കെത്തിയത്. സ്ഥാപനം നില്‍ക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ മുറിക്കുള്ളില്‍ ഇന്നലെ രാവിലെ ഏഴോടെയാണ് ജുഗുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ച് ഇരുവരും സ്ഥിരമായി സംഘര്‍ഷമുണ്ടാക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഇവര്‍ തമസിക്കുന്ന മുറിയില്‍ നിന്ന് ബഹളം കേട്ടിരുന്നതായി പരിസരവാസികള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. ശശികുമാര്‍ മുങ്ങിയതറിഞ്ഞ് ഏറ്റുമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി തൃശ്ശൂരിലേക്ക് വണ്ടി കയറിയതായി മനസിലാക്കി. പിന്നീട് സൈബര്‍സെല്ലിന്റെ അന്വേഷത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലോക്കേഷന്‍ ഗുരുവായൂരാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ഉച്ചക്ക് ഒരു മണിമുതല്‍ പോലീസ് ക്ഷേത്രനഗരിയിലെ നൂറിലധികം വരുന്ന ലോഡ്ജുകളിലും പ്രതി താമസിക്കാനിടയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. ഗുരുവായൂര്‍ എ.സി.പി പി.ഐ ശിവദാസിന്റെ നേതൃത്വത്തില്‍ ടെമ്പിള്‍, ഗുരുവായൂര്‍, ചാവക്കാട് സ്റ്റേഷനുകളില്‍ നിന്നുള്ള നൂറോളം പോലീസുകാരാണ് യൂണിഫോമിലും സിവില്‍ ഡ്രസിലുമായി പരിശോധന നടത്തിയത്. പ്രതിയുടെ ചിത്രമടക്കമുള്ള സന്ദേശം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതി ഗുരുവായൂരില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ബസ്റ്റാന്‍ഡ് റെയില്‍വേസ്റ്റേഷന്‍ ഓട്ടോ സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെല്ലാം പോലീസ് പ്രത്യക മുന്‍ കരുതലെടുത്തിരുന്നു. കിഴക്കേനടയില്‍ മാടക്കാവില്‍ലൈനില്‍ ഇതര സംസഥാനതൊഴിലാളികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തെ ഗുരുവായൂരില്‍ ജോലി ചെയ്തിരുന്ന സമയത്ത് താമസിച്ചിരുന്ന പരിചയമാണ് പ്രതിയെ ഇവിടെയെത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലില്‍ ലുങ്കി ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ ഏറ്റുമാനൂര്‍ പോലീസിന് കൈമാറി.
Comments are closed.