വടക്കേകാട് : എടക്കര യുവധാര ക്ലബ്ബിൽ കയറി സിപിഎം പ്രവര്‍ത്തകനെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടു ആര്‍എസ്എസ് പ്രവര്‍ത്തകരെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.
എടക്കര ചെട്ടിവിളയില്‍ ചന്ദ്രന്റെ മകന്‍ അജിത്ത് (20), എടക്കഴിയൂര്‍ അവിയൂര്‍ പന്തായില്‍ വീട്ടില്‍ ഗംഗാധരന്റെ മകന്‍ അജയന്‍ (40), എടക്കര വെള്ളമാക്കല്‍ വീട്ടില്‍ ഭാസ്‌ക്കരന്റെ മകന്‍ ഭഗീഷ് (30), എടക്കര കാവുങ്ങല്‍ വീട്ടില്‍ രാജന്റെ മകന്‍ വിബീഷ് (30), എടക്കര ചുകന്ന്യാരന്‍ പാടത്ത് സുകുമാരന്റെ മകന്‍ സുമേഷ് (36), എടക്കര ആലുങ്കല്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ പ്രദീപ് (40), എടക്കഴിയൂര്‍ അവിയൂര്‍ കാട്ടുശേരി വീട്ടില്‍ ദയാനന്ദന്റെ മകന്‍ ജനീഷ് (33), എടക്കര എടക്കാട്ട് വീട്ടില്‍ വിജയന്റെ മകന്‍ വിവേക് (20)എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി പത്തോടേയാണ് ഇരുമ്പ് പൈപ്പ്, ദണ്ഡ തുടങ്ങി മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘം എടക്കര യുവധാര ക്ലബ്ബിൽ വെച്ച് സിപിഎം പ്രവര്‍ത്തകന്‍ മഠത്തിലകായില്‍ അശോക(42)നെ ദണ്ഡകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സാരമായി പരിക്കേറ്റ അശോകനെ കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ റോഡിലെഴുതുന്നത് ആര്‍എസ്എസുകാര്‍ തടയുകയും സിപിഎം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.