ചാവക്കാട്: ദേശീയപാത വിഷയത്തിൽ സർക്കാരിൻ്റെ ജനദ്രോഹ നിലപാടിൽ പ്രതി ഷേധിച്ച് ദേശീയ പാത ഇരകൾ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വീടുകൾക്കു മുന്നിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ദേശീയപാതാ ഇരകൾക്ക് വേണ്ടി വാ തുറക്കാത്ത ഒരു രാഷ്ട്രീയ പാർട്ടിയും വോട്ട് ചോദിച്ചു ഈ പടിക്കടക്കരുത് എന്ന ബോർഡാണ് ഗെയ്റ്റിൽ തൂക്കിയിരിക്കുന്നത്. ഞങ്ങളുടെ കിടപ്പാടവും ഭൂമിയും പൂർണ്ണമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഞങ്ങൾ എന്തിന് വോട്ടു ചെയ്യണമെന്ന ന്യായമായ ചോദ്യമാണ് ഇരകൾ ഉയർത്തുന്നത്. പോലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സർവ്വേ നടത്തിയ സർക്കാർ നടപടിയിൽ ഇരകൾക്ക് ശക്തമായ അമർഷമുണ്ട്. പോലീസിന്റെ അസഭ്യ വർഷവും കൊലവിളിയും ആരുടെ പിൻബലത്തിലായിരുന്നെന്ന് ഇരകൾ ചോദിക്കുന്നു. ഇത്രയധികം ആശങ്കകൾ നിലനിൽക്കുമ്പോൾ വിഷയത്തിൽ യു.ഡി.ഫ് മൗനം പാലിക്കുന്നതിലും ഇരകൾക്ക് രോഷമുണ്ട്. അധികാരത്തിലെത്തിയാൽ ദേശീയ പാത വികസനം മുപ്പത് മീറ്ററിൽ നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിക്കുന്നവർക്ക് പിന്തുണ നൽകും. ഏപ്രിൽ ആദ്യവാരം തളിക്കുളത്ത് വെച്ച് നടക്കുന്ന പാർലിമെന്റ് മണ്ഡലം നയപ്രഖ്യാപന കൺവെൻഷൻ ഭാവി പരിപാടികൾ അന്തിമ രൂപം നൽകും. തിരുവത്രയിൽ ചേർന്ന യോഗത്തിൽ വി. സിദ്ധിഖ് ഹാജി അധ്യക്ഷത വഹിച്ചു.ഉസ്മാൻ അണ്ടത്തോട്, കമറു പട്ടാളം, ഗഫൂർ തിരുവത്ര, അബ്ദു തെരുവത്ത്, സി.ഷറഫുദ്ധീൻ, നസീർ തിരുവത്ര, മൻസൂർ എന്നിവർ സംസാരിച്ചു.