ഇസ്‌ലാം മത വിശ്വാസികൾ മിഅ്റാജ് ദിനം ആചരിച്ചു

ചാവക്കാട് : ഇസ്ലാമിക കലണ്ടർ പ്രകാരം ജനുവരി 28 റജബ് 27, മുസ്ലീങ്ങൾ ഭക്തി ആദരപൂർവം മിഅ്റാജ് ദിനം ആചരിച്ചു. ഇസ്ലാമിലെ പഞ്ച സ്തംബങ്ങളിൽ ഒന്നായ നിസ്ക്കാരം ഈ ദിനത്തിലാണ് അവതരിപ്പിച്ചത്. ഇസ്‌ലാമിക വിശ്വാസ പ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്റാഉം മിഅ്റാജും. എ ഡി 621 പ്രവാചകൻ മക്കയിൽ ഉണ്ടായിരിക്കുമ്പോഴാണ് പ്രസ്തുത സംഭവം ഉണ്ടായത്. മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ രാപ്രയാണം അഥവാ ഇസ്റാഅ് എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ് അഥവാ ആകാശാരോഹണം എന്നും പറയപ്പെടുന്നു. ഖുർആനിലെ പതിനേഴാം അദ്ധ്യായമായ ഇസ്റാഅ്-ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട്.

ബറാഖ് എന്ന വാഹനത്തിൽ റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്രിൽ എന്ന മാലാഖ മുഹമ്മദ് നബിയെ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് കൂട്ടിക്കൊണ്ടുപോയതായും അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു എന്നുമാണ് ചരിത്രം. പൂർവികരായ പ്രവാചകന്മാർ പലരെയും നബി അവിടെ കാണുകയും പിന്നീട്‍, ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. അവിടെവച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ വളരേ പ്രധാനപെട്ട കർമ്മമായ അഞ്ച് നേരത്തെ നിസ്കാരം. അൽ ഇസ്റാഅ് വഅൽ മിഅ്റാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നാണ് വിശ്വാസം. മുസ്ലിങ്ങൾ ഈ ദിനത്തിൽ വ്രതാനുഷ്ഠാനവും പ്രാർത്ഥനകളും നടത്തി വരുന്നുണ്ട്.

Comments are closed.