ചാവക്കാട്‌: ദേശീയപാത വികസനം അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ നടത്തുന്ന അശാസ്ത്രീയമായ സ്ഥലമെടുപ്പ്‌ നിര്‍ത്തിവെക്കുക എന്നാവശ്യപ്പെട്ട് നാളെ മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ധര്‍ണ്ണ.
ചുങ്കപ്പാത നിര്‍മാണത്തിനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗി ച്ച് വസ്തു ഉടമകളെ വഴിയാധാരമാക്കുന്ന മനുഷ്യത്വരഹിത നടപടികള്‍ അവസാനിപ്പിക്കുക, വസ്തു നഷ്ടപ്പെടുന്ന ഭൂവുടമള്‍ക്ക് മതിപ്പു വിലയുടെ മൂന്നിരട്ടി വില ഒറ്റത്തണയായി മുന്‍കൂര്‍ നല്‍കുക,
ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ ഭരണകൂട – ഉദ്യോഗസ്ഥ – മാഫിയാ – അവിശുദ്ധ ബന്ധങ്ങള്‍ അവസാനിപ്പിക്കുക, വസ്തുവും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ ജീവിതം
ഉറപ്പുവരുത്തും വിധം പുനരധിവാസ പക്കേജ് നടപ്പിലാക്കുക, ദേവാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചെറുകിട പട്ടണങ്ങള്‍ എന്നിവ നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കുക, ഭൂമാഫിയകള്‍ക്കും സമ്പന്നര്‍ക്കുമായി നടത്തിയ അലൈമെന്റുകളിലെ പുനര്‍ നിര്‍ണ്ണയങ്ങള്‍ ഒഴിവാക്കുക, കച്ചവടം ചെയ്ത് കുടുംബം പുലര്‍ത്തുന്നവര്‍ക്ക് പുതിയ സ്ഥാപനങ്ങള്‍
തുടങ്ങുന്നതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുക, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് വീടുകളും കച്ചവട സ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് നിയമങ്ങളില്‍ ഇളവ് അനുവദിക്കുക തുടങ്ങി
ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി മുസ്‌ലിം ലീഗ്‌ ജില്ലാ കമ്മിറ്റി നാളെ
രാവിലെ 10 മുതൽ വൈകീട്ട്‌ 5 വരെ ചാവക്കാട്‌ വസന്തം കോർണ്ണറിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി സി.എച്ച്‌ റഷീദ്‌ ഉൽഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ്‌ ഹംസ, ഡി.സി.സി പ്രസിഡണ്ട്‌ ടി.എൻ പ്രതാപൻ, യു.ഡി.എഫ്‌ ചെയർമാൻ ജോസഫ്‌ ചാലിശ്ശെരി തുടങ്ങിയവർ അഭിവാദ്യം ചെയ്യുമെന്ന് ജില്ലാ പ്രസിഡണ്ട്‌ സി.എ മുഹമ്മദ്‌ റഷീദ്‌, ജനറൽ സെക്രട്ടറി പി.എം അമീർ, ദേശീയപാത സമര സമിതി കൺവീനർ കെ.എ ഹാറൂൺ റഷീദ്‌ , കോഡിനേറ്റർ പി.എ ഷാഹുൽ ഹമീദ്‌ എന്നിവർ അറിയിച്ചു.