ദേശീയ വിദ്യാർഥി ദിനാചരണം: അധ്യാപകനെ ആദരിച്ചു

എളവള്ളി: ദേശീയ വിദ്യാർഥി ദിന വാരാചരണത്തിന്റെ ഭാഗമായി എളവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകനും 24 കേരള ബറ്റാലിയൻ അസോസിയേറ്റ്ഡ് എൻ.സി.സി. ഓഫീസറുമായ മേജർ പി.ജെ. സ്റ്റൈജുവിനെ ആദരിച്ചു.വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും രക്തദാനത്തിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്താൻ മാസ്റ്റർ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ആദരവ് സംഘടിപ്പിച്ചത്. സ്കൂൾ പ്രിൻസിപ്പൽ സി.എ. വിജി, വിദ്യാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ മാസ്റ്ററുടെ രേഖാചിത്രം ഉപഹാരമായി നൽകി അദ്ദേഹത്തെ ആദരിച്ചു. ചടങ്ങിൽ എ.എം. ധന്യ ടീച്ചർ അനുമോദന പ്രസംഗം നടത്തി. തുടർന്ന് മേജർ പി.ജെ. സ്റ്റൈജു ചടങ്ങിന് മറുപടി പ്രസംഗം നിർവഹിച്ചു.മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത അധ്യാപകനായ മേജർ പി.ജെ. സ്റ്റൈജു ഇതുവരെ 79 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. പതിനെട്ടാം പിറന്നാൾ മുതൽ രക്തം ദാനം ചെയ്ത് ആഘോഷിക്കണമെന്ന ആശയത്തിന്റെ ശക്തനായ പ്രചാരകനാണ് അദ്ദേഹം. കൂടാതെ, ജില്ലയിലെ 92 യു.പി. വിദ്യാലയങ്ങളിൽ ലഹരിക്കെതിരെ ‘പുസ്തക ചങ്ങാത്തം’ പദ്ധതി വഴിയായി അയ്യായിരത്തിലധികം പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.




Comments are closed.