Header

നവകേരള സദസ്സ് : ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ അജണ്ട പിടിച്ചു വാങ്ങി കീറിയെറിഞ്ഞ് പ്രതിപക്ഷം – യുഡിഎഫ് അക്രമം, ആവർത്തിച്ചാൽ സസ്പെൻഡ്‌ ചെയ്യുമെന്ന് ചെയർമാൻ

ചാവക്കാട് : നവകേരള സദസിനു പണം  നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ  ബഹളം. സെക്ഷൻ ക്ലർക്കിന്റെ കയ്യിൽ നിന്നും അജണ്ട പിടിച്ചു വാങ്ങി വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇന്ന് രാവിലെ നടന്ന ചാവക്കാട് നഗരസഭ കൗൺസിൽ യോഗത്തിലാണ് സംഭവങ്ങൾ അരങ്ങേറിയത്. 

18/11/2023 ന് മുൻ‌കൂർ അനുമതി പ്രകാരം നവകേരള സദസ്സിന് നഗരസഭ പണം നൽകിയിരുന്നു. ചട്ടപ്രകാരം അടുത്ത യോഗത്തിൽ കൗൺസിൽ അനുമതി തേടണം എന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ പിന്നീട് മുപ്പത്താം തിയതി നടന്ന കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കാതിരിക്കുകയും ഇന്ന് നടന്ന കൗൺസിൽ യോഗത്തിലെ അജണ്ടയിൽ ചട്ടവിരുദ്ധമായി വിഷയം ഉൾപ്പെടുത്തുകയും ചെയ്തു. ചട്ടവിരുദ്ധമായി വിഷയം അജണ്ടയിൽ ഉൾപ്പെടുത്തിയതിനെതിരെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിനെ തുടർന്നാണ് ബഹളം.

യു ഡി എഫ് അംഗങ്ങൾ പറയുന്നത് വിവരക്കേടെന്ന് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത്. നവകേരള സദസ്സ് നടന്നതിനു ശേഷം നടക്കുന്ന ആദ്യ കൗൺസിൽ യോഗമാണ് ഇന്നത്തേതെന്നും ചട്ടലംഘനം നടന്നിട്ടില്ലെന്നും ചെയർപേഴ്സൻ പറഞ്ഞു. യു ഡി എഫ് കൗൺസിലർമാർ കാണിച്ചത് അക്രമമാണെന്നും അവർ പറഞ്ഞു. ക്ലർക്കിനെ ഉപദ്രവിച്ചെന്നും സെക്രട്ടറിയോട് അപമാര്യാദയായി പെരുമാറിയെന്നും ഇത്തരം രീതികൾ ആവർത്തിച്ചാൽ സസ്പെൻഡ്‌ ചെയ്യുമെന്നും  ഷീജാ പ്രശാന്ത് മുന്നറിയിപ്പ് നൽകി.

നവകേരള സദസ്സിന് പണം നൽകിയതിനെതിരെ  യുഡിഫ്  വിയോജന കുറിപ്പ് നൽകി. യു ഡി എഫ് കൗൺസിലർമാരായ കെ വി സത്താർ, പി കെ. കബീർ, ഫൈസൽ കാനംപുള്ളി, ബേബി ഫ്രാൻസിസ്, സുപ്രിയ രാമേന്ദ്രൻ, ജോയ്‌സി ടീച്ചർ, ഷാഹിദ പേള തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

ബഹളത്തെ തുടർന്ന് അജണ്ടകൾ കൗൺസിൽ അംഗീരിച്ചതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു.

thahani steels

Comments are closed.