ചാവക്കാട്: തീരദേശജനതയോടുള്ള കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ യുടെ അവഗണനയില്‍ പ്രതിഷേധിച്ച് കടപ്പുറം പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി നടത്തുന്ന എം എല്‍ എ യുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിചേരുമെന്ന് ചെയര്‍മാന്‍ തെക്കരകത്ത് കരീം ഹാജി ജന കണ്‍വീനര്‍ സി മുസ്താഖലി മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആര്‍ കെ ഇസ്മായില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു 12 വര്‍ഷത്തോളമായി കടലോരത്തെ കടല്‍ ഭിത്തിയുടെ നിര്‍മ്മാണത്തിനോ അറ്റകുറ്റപണികള്‍ക്കോ ആവശ്യമായ നടപടികള്‍ ചെയ്യുന്നതില്‍ എം എല്‍ എ തികഞ്ഞ പരാജയമാണ്. എല്‍ ഡി എഫ് ആണ് കടല്‍ ഭിത്തി നിര്‍മാണം നടത്തിയതെന്ന എം എല്‍ എ യുടെ അവകാശവാദം തെളിയിക്കാന്‍ നേതാക്കള്‍ വെല്ലുവിളിച്ചു. യു പി എ സര്‍ക്കാറിന്റെ കാലത്ത് ശരത് പവാറില്‍ സ്വാധീനം ചെലുത്തി പി സി ചാക്കോ എം പി യും ടി എന്‍ പ്രതാപനും ഇടപെട്ട് ഫണ്ട് പാസാക്കിയാണ് പുലിമുട്ട് നിര്‍മിച്ചത്. ഇതിന്‍റെയൊക്കെ പിതൃത്വം അവകാശപെടുന്ന തിരക്കിലാണ് എം എല്‍ എ യും എല്‍ ഡി എഫും. കടല്‍ ക്ഷോഭത്തില്‍ നൂറുകണക്കിനു വീടുകളാണ് വെള്ളം കയറി നശിച്ചത്. നാട്ടുകാരനായ എം എല്‍ എ തിരിഞ്ഞു നോക്കിയില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.
നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. പഞ്ചായത്ത് യു ഡി എഫ് നേതാക്കള്‍ നേതൃത്വം നല്‍കും. മാര്‍ച്ചില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, ഡി സി സി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എ റഷീദ് എന്നിവര്‍ സംബന്ധിക്കും. യു ഡി എഫ് നേതാക്കളായ പി കെ അബൂബക്കര്‍, കെ ഡി വീരമണി, ആര്‍ എസ് മുഹമ്മദ് മോന്‍, എ കെ ഫൈസല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.