അറസ്റ്റിലായ പ്രതി സൈനുദ്ധീന്‍

അറസ്റ്റിലായ പ്രതി സൈനുദ്ധീന്‍

പുന്നയൂര്‍ക്കുളം: അയല്‍പക്ക  തര്‍ക്കത്തിനിടെ യുവാവിനു കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അകലാട് മൂന്നൈനി സ്വദേശി താമരത്ത് വീട്ടില്‍ വിനീഷ് (27)നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പപ്പാളി പെരുമ്പുള്ളി വീട്ടില്‍ സൈനുദ്ധീന്‍ (44)നെ ചാവക്കാട് സിഐ കെ.ജി. സുരേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 8.30ഓടെ അണ്ടത്തോട് പപ്പളിയിലാണ് സംഭവം. സൈനുദ്ധീന്‍ കോഴിമാലിന്യം തള്ളുന്നത് സംബന്ധിച്ച് അയല്‍വാസിയായ മടപ്പന്‍ അബ്ദുല്‍റഷീദുമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്ന് രാവിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് സൈനുദ്ധീന്‍ അബ്ദുല്‍റഷീദിന്‍റെ ഭാര്യയെ അസഭ്യം പറയുകയും ഇതുകണ്ട് ചെന്ന അബ്ദുല്‍റഷീദിനെ സൈനുദ്ധീന്‍ ആക്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അബ്ദുല്‍റഷീദിന്‍റെ ഡ്രൈവറായ വിനീഷിനു കത്തികൊണ്ട് കുത്തേറ്റത്. നെഞ്ചിന് താഴെ കുത്തേറ്റ വിനീഷിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. സൈനുദ്ധീനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.