mehandi banner desktop

ആർത്തവ അവധി; ദുരുപയോഗത്തിന് സാധ്യത – മെഡിക്കൽ സർട്ടിഫിക്കറ്റും വനിതാ നോഡൽ ഓഫീസറും നിർബന്ധമാക്കണം

fairy tale

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് അനുവദിക്കുന്ന ആർത്തവ അവധി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, അത് തടയാൻ കർശനമായ മാനദണ്ഡങ്ങളും മെഡിക്കൽ സർട്ടിഫിക്കറ്റും ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് കത്തയച്ചു. അവധി സംബന്ധിച്ച കാര്യങ്ങളിൽ വിദ്യാർത്ഥിനികളുടെ സ്വകാര്യത ഉറപ്പാക്കാൻ സ്കൂളുകളിൽ വനിതാ നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.​ആർത്തവ സമയത്ത് കടുത്ത ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് മാത്രമായി അവധി പരിമിതപ്പെടുത്തണമെന്നാണ് പ്രധാന നിർദ്ദേശം.കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഓരോ വർഷവും സർക്കാർ വനിതാ ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം അവധി അനുവദിക്കേണ്ടത്. സ്കൂൾ പ്രിൻസിപ്പലോ ക്ലാസ്സ് അധ്യാപകനോ പുരുഷനാണെങ്കിൽ, കുട്ടികളുടെ സ്വകാര്യതയും സാങ്കേതികത്വവും കണക്കിലെടുത്ത് അവധി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വനിതാ അധ്യാപികയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തണം. അവധി എടുക്കുന്ന കുട്ടികൾ ആ സമയത്ത് രക്ഷകർത്താക്കളുടെയോ ഉത്തരവാദിത്വപ്പെട്ടവരുടെയോ സംരക്ഷണയിൽ തന്നെയാണ് ഉള്ളതെന്ന് സ്കൂൾ അധികൃതർ ബോധ്യപ്പെടണം. ​ആർത്തവ സമയത്ത് പ്രത്യേക ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് അവധിയുടെ ആവശ്യമില്ലെന്ന് ഡോ. പ്രതിഭ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ളവർക്കും പൊതുവായി അവധി സ്വാതന്ത്ര്യം നൽകിയാൽ അത് ദുരുപയോഗം ചെയ്യപ്പെടാനും, വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന രീതിയിൽ മറ്റ് പ്രശ്നങ്ങളിലേക്ക് വഴിമാറാനും സാധ്യതയുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.

planet fashion

Comments are closed.