ചാവക്കാട്: ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് തെക്കന്‍പാലയൂരില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന്.  അഞ്ചു മുതല്‍ പത്തു സെന്റ് വരെ മാത്രം സ്ഥലമുള്ള ഏതാനും പേര്‍ തങ്ങളുടെ മാലിന്യം നിറഞ്ഞസ്ഥലം ശുചിയാക്കുന്നതിനെയാണ് കണ്ടല്‍ വനങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്നതായി വ്യാഖ്യാനിച്ച് പ്രചരണം നടത്തുന്നതെന്ന് നാട്ടുകാരനും മുന്‍ നഗരസഭ കൗണ്‍സിലറും പൊതുപ്രവര്‍ത്തകനുമായ നൗഷാദ് തെക്കുംപുറം പറഞ്ഞു. ചക്കംകണ്ടം കായലിലേയ്ക്ക് ഗുരുവായൂരില്‍നിന്നും ഒഴുകിയെത്തുന്ന മനുഷ്യ മലം ഉള്‍പ്പെടെയുള്ള  മാലിന്യങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന തെക്കന്‍പാലയൂരില്‍ ഏക്കര്‍കണക്കിനു സ്ഥലം സ്വന്തമായുള്ളവര്‍ ആരുമില്ല. ഈ പ്രദേശത്തെ കുടിവെള്ളവും വായുവും മലിനമായികിടക്കുകയാണ്. മാലിന്യത്തിന്റെ ആധിക്യം മുലം കിണറുകളിലെ വെള്ളം  കോളിഫോം നിറഞ്ഞതാണെന്ന് ഈയിടെ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. പാഴ്‌ചെടികളും കുറ്റിചെടികളും മാലിന്യത്തില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന ഇവിടെ അറവുമാലിന്യങ്ങളും കോഴിവേസ്റ്റും പലരും നിക്ഷേപിച്ച്  ചീഞ്ഞു നാറി കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ പ്രദേശത്ത് വൃത്തിയാക്കി മണ്ണിട്ടാല്‍ മാത്രമെ ശുചിയാകുകയുള്ളൂവെന്നും നേരില്‍ കാണുന്ന ആര്‍ക്കും ബോധ്യമാകുമെന്നും നൗഷാദ് പറഞ്ഞു. ഇവിടെയുള്ളത് യഥാര്‍ഥ കണ്ടല്‍കാടുകളല്ല. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ഭൂമിക്ക് ഏറ്റവും വിലകുറവുള്ള മേഖലയാണിത്. തെക്കന്‍ പാലയൂരില്‍ ഒരു ഭൂമാഫിയയും പ്രവര്‍ത്തിക്കുന്നില്ലെന്നും നൗഷാദ് തെക്കുംപുറം വ്യക്തമാക്കി. ഫോറസ്റ്റ് അധികൃതര്‍ ഈയിടെ ഈ മേഖല സന്ദര്‍ശിച്ച് യഥാര്‍ഥസ്ഥിതി മനസിലാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പും തദേശസ്വയംഭരണ സ്ഥാപനങ്ങളും അടിയന്തിരമായി ഇടപെട്ട് തെക്കന്‍ പാലയൂര്‍, ചക്കംകണ്ടം പ്രദേശത്തെ ജനങ്ങളുടെ ദുരിതജീവിതത്തിനു  പരിഹാരമുണ്ടാക്കണമെന്നും അദേഹം പറഞ്ഞു.