ഗുരുവായൂര്‍ : നഗരസഭ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപമുള്ള നാലേക്കര്‍ സ്ഥലം നഗരസഭ ഏറ്റെടുക്കുന്നതിലെ അനിശ്ചിതത്വം മൂലം ദുരിതത്തിലായി ഒരു കുടുംബം. തന്നെയും കുംടബത്തെയും വഴിയാധാരമാക്കിയ നടപടിക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ നഗരസഭ ഓഫീസിന് മുന്നില്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ യുവാവ്. ഓട്ടോഡ്രൈവറായ ചൂല്‍പ്പുറം വാലിപ്പറമ്പില്‍ സജിത്തിന്റെ കുടുംബമാണ് നഗരസഭയുടെ കെടുംകാര്യസ്ഥതമൂലം ദുരിതത്തില്‍ കഴിയുന്നത്. എട്ട് വര്‍ഷം മുമ്പാണ് ട്രഞ്ചിങ് ഗ്രൗണ്ടിന്റെ പരിസരത്തുള്ള നാലേക്കര്‍ സ്ഥലം ഏറ്റെടുത്ത് ഗ്രീന്‍സോണ്‍ ആയി നിലനിര്‍ത്താന്‍ നഗരസഭ തീരുമാനിച്ചത്. രണ്ട് വര്‍ഷം മുമ്പ് സ്ഥലത്തിന്റെ ആധാരത്തിന്റെയും മറ്റ് രേഖകളുടെയും പകര്‍പ്പുകള്‍ നഗരസഭ ഉദ്യോഗസ്ഥര്‍ തന്ത്രത്തില്‍ കൈക്കലാക്കിയതായാണ് നാട്ടുകാരുടെ ആരോപണം. അതിനു ശേഷം ഈ പ്രദേശത്ത് വീട് നിര്‍മിക്കുന്നതിനോ, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ അനുമതി നല്‍കിയിട്ടില്ല. നഗരസഭയുടെ ഈ തീരുമാനമാണ് സജിത്തിനെ വെട്ടിലാക്കിയത്. ഗള്‍ഫില്‍ ജോലി ചെയ്തുണ്ടാക്കിയ വരുമാനവുമായി വീട് പുതുക്കി പണിയാനായി നാട്ടിലെത്തിയപ്പോള്‍ വീടിന്മേല്‍ തൊടാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ്. 13 സെന്റ് വരുന്ന സ്ഥലം വിറ്റ് മറ്റ് എവിടെയെങ്കിലും മാറി താമസിക്കാനും കഴിയാത്ത അവസ്ഥയായി. ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ ക്രയവിക്രയം നഗരസഭ തടഞ്ഞിരുന്നു. വിലക്കുകളെല്ലാം പ്രാവര്‍ത്തികമാക്കിയെങ്കിലും നഗരസഭ സ്ഥലം ഏറ്റെടുക്കാത്തത് പ്രശ്‌നം കൂടുതല്‍ ദുരിതമയമാക്കി. പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ഥികളായ കുട്ടികളും പ്രായമുള്ള അമ്മയുമൊത്തുള്ള ജീവിതം ബുദ്ധിമുട്ടായപ്പോള്‍ മാസം 5000 രൂപ വാടകയുള്ള വീട്ടിലേക്ക് താമസം മാറ്റേണ്ട അവസ്ഥവന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന്റെ സാമീപ്യം മൂലം മഴക്കാലമായാല്‍ വീടിനുള്ളിലേക്ക് വരെ പുഴുക്കള്‍ എത്തുന്ന അവസ്ഥയായിരുന്നു. ഈ സ്ഥിതിഗതികളില്‍ നിന്ന് കരകയറാനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ ഗള്‍ഫിലെ ജോലിയും നഷ്ടപ്പെട്ടു. ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ടു വേണം ഇപ്പോള്‍ വാടക കൊടുക്കാനും കുടുംബം പുലര്‍ത്താനും. എന്നാല്‍ സ്ഥലം എന്ന് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ നഗരസഭക്ക് തീരുമാനമൊന്നും ആയിട്ടുമില്ല. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സ്വാതന്ത്രദിനം മുതല്‍ നഗരസഭക്ക് മുന്നില്‍ നിരാഹാരം തുടങ്ങുമെന്ന് സജിത് പറഞ്ഞു. സജിതിന്റെ സമരത്തിന് എൈക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രദേശത്തെ നാല് വീട്ടുകാരും രംഗത്തുണ്ട്.