ഗുരുവായൂരിലെ കരിവീരക്കൂട്ടങ്ങൾക്ക് ഇനി നല്ല ചികിത്സയുടെ സുഖമുള്ള കാലം
ഗുരുവായൂർ : ദേവസ്വത്തിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങി. ഇനിയുള്ള ഒരു മാസം ആനത്താവളത്തിലെ കരിവീര കൂട്ടങ്ങൾക്ക് സുഖസമൃദ്ധിയുടെ കാലമാണ്. പട്ടിണി എന്താണെന്ന് അറിയാത്ത ആനകളാണ് ഗുരുവായൂർ ദേവസ്വത്തിലേത്. ദിവസവും കുശാലാണ്. വർഷക്കാലമായാൽ പറയേണ്ട കാര്യമില്ല. പെരുവയർ നിറഞ്ഞ് തന്നെ നിൽക്കും. വേനലിൽ എഴുന്നള്ളിപ്പുകൾക്കായി പൂരപ്പറമ്പുകൾ ഓടിനടന്ന് ക്ഷീണിതരായ ആനകൾക്ക് കർക്കിടകത്തിനു മുന്നോടിയായി ദേവസ്വം അക്ഷരാർത്ഥത്തിൽ സുഖമുള്ള ചികിത്സ തന്നെയാണ് നൽകുന്നത്. ആനകളുടെ ശരീരപുഷ്ടിയും തേജസും ഓജസും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പിന്നിൽ. കഴിഞ്ഞ 35 വർഷമായി ആനകൾക്ക് 30 ദിവസം സുഖചികിത്സ നൽകാറുണ്ട്.
ചികിത്സയ്ക്ക് മുന്നോടിയായി വിദഗ്ദ്ധ ഡോക്ടർമാർ ആനകളെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സമീകൃതാഹാരമാണ് ഓരോ ആനകൾക്കും ഈ സമയത്ത് നൽകുന്നത്. വിരമരുന്ന് നൽകലാണ് ചികിത്സയുടെ ആദ്യഘട്ടം. ദിവസവും തേച്ചു കുളിപ്പിച്ച് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ആനത്താവളത്തിലെ വടക്കേ മുറ്റത്ത് വരിയായി നിർത്തും. ആനകളുടെ തൂക്കത്തിനനുസരിച്ചുള്ള മരുന്ന് ചേർത്ത ചോറുരുള ആന വായിൽ നൽകും. ഇതിനുപുറമേ പട്ടയും പുല്ലും പഴങ്ങളും ലഭിക്കും. ലക്ഷങ്ങളാണ് വർഷംതോറും ദേവസ്വം ഇതിനുവേണ്ടി ചിലവഴിക്കുന്നത്. 11 ലക്ഷം രൂപയാണ് ഇത്തവണത്തെ സുഖചികിത്സക്കായി ദേവസ്വം വകയിരുത്തിയിരിക്കുന്നത്. ഗുരുവായൂർ ദേവസ്വം ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ആനകളെ പരിപാലിക്കുന്നതെന്നതിന് തെളിവാണ് ഈ ചികിത്സയെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു. ആകെയുള്ള 38 ആനകളിൽ 26 ആനകൾക്കാണ് ഇത്തവണ ചികിത്സ നൽകുന്നത്. മദപ്പാടിൽ തളച്ചിരിക്കുന്ന ബാക്കിയുള്ള ആനകൾക്ക് പിന്നീട് ചികിത്സ നൽകും. 15 ആനകളെ വരിയായി നിർത്തി തീറ്റ പ്രിയൻ ദേവദാസിന് ചോറൂരുള നൽകി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ സുഖചികിത്സ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ വി.ജി. രവീന്ദ്രൻ, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്. മായാദേവി, വാർഡ് കൗൺസിലർ ഷൈലജ സുധൻ തുടങ്ങിയവരും ചോറുരുള നൽകി.
മാനേജർ ബീന, ജീവധനം വിദഗ്ധ സമിതി അംഗങ്ങളായ ഡോ. പി.ബി.ഗിരിദാസ്, ഡോ. ടി.എസ്. രാജീവ്, ഡോ. എം.എൻ ദേവൻ നമ്പൂതിരി, ഡോ. കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ.ചാരുജിത്ത് നാരായണൻ, മാധ്യമ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ജൂലൈ 30 വരെയാണ് സുഖചികിൽസ. അരി 3420 കിലോഗ്രാം, ചെറുപയർ1140 കിലോഗ്രാം, റാഗി1140 കിലോഗ്രാം മഞ്ഞൾ പൊടി 114 കിലോഗ്രാം, ഉപ്പ് 114 കിലോ ,123 കിലോ അഷ്ടചൂർണ്ണം, ചവനപ്രാശം 285കിലോ , ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ’ വിരമരുന്ന് തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.
Comments are closed.