


ഗുരുവായൂര്‍ : പടിഞ്ഞാറെ നടയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ.സദാശിവന്‍ നായര്‍ (80) ആണ് മരിച്ചത്.
പടിഞ്ഞാറെനടയിലെ ഗണപത് ഭവന്‍ ഹോട്ടലിന്റെ മുകളിലെ നിലയിലുള്ള ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ ബി ആറ് ശ്രീവൈകുണ്ഠം എന്ന് പേരുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. സംഭവസമയത്ത് ഫ്ലാറ്റിലുണ്ടായിരുന്ന സദാശിവന്‍ നായരുടെ ഭാര്യ സി. സത്യഭാമയമ്മ (74)ക്കും പൊള്ളലേറ്റിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് മുറിയിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് കസേരകളും പാത്രങ്ങളും അടക്കമുള്ള ഉപകരണങ്ങള്‍ സമീപത്തെ റോഡിലേക്ക് വരെ തെറിച്ചു വീണു. പാചക വാതക സിലിണ്ടര്‍ പൊട്ടിതെറിച്ചതാണെന്ന് കരുതി ഓടികൂടിയ നാട്ടുകാരും ഫയര്‍ഴോഴ്‌സും ചേര്‍ന്നാണ് ഇരുവരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ സദാശിവന്‍ നായരെയും 30 ശതമാനത്തോളം പൊള്ളലേറ്റ സത്യഭാമ അമ്മയേയും മെഡിക്കല്‍ കോളേജിലേക്കും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സദാശിവന്‍ നായര്‍ മരിച്ചത്. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഫയര്‍മാന്‍ ടി.പി. മഹേഷിനും പരിക്കേറ്റിരുന്നു.
തീപിടുത്തമുണ്ടായ കെട്ടിടത്തിന് അഗ്നിശമന സേനാ വിഭാഗത്തിന്റെ അനുമതി പത്രം ഉണ്ടായിരുന്നില്ല. 130 ഓളം ലോഡ്ജുകളും നൂറു കണക്കിന് ഫ്‌ളാറ്റുകളുമുള്ള നഗത്തില്‍ 11 കെട്ടിടങ്ങള്‍ മാത്രമാണ് കൃത്യമായി അഗ്നിശമന സേനാ വിഭാഗത്തിന്റെ നിരാക്ഷേപ സാക്ഷ്യപത്രം പുതുക്കി വരുന്നത്. അനുമതി പത്രം ഇല്ലാത്ത കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ നഗരസഭയും അഗ്നിശമനസേനയും തീരുമാനിച്ചിട്ടുണ്ട്.

Comments are closed.