Header

ഒരുമനയൂരില്‍ വാഹനാപകടം – ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരിക്ക്

ഒരുമനയൂര്‍: ഒരുമനയൂര്‍ മുത്തംമാവ് കിണര്‍ ദേശീയ പാത 17 ല്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു നാലുപേര്‍ക്ക് പരിക്ക്. ആലുവ മുപ്പത്തടം സ്വദേശി എരുമത്ത് വീട്ടില്‍ രവിയുടെ മകന്‍ രാജേഷ് (31) ആണ് മരിച്ചത്. ഇന്ന് വ്യാഴം രാവിലെ ആറരയോടെയാണ് അപകടം. ആലുവയില്‍ നിന്നും കോഴിക്കോട്ടേക്ക് പോയിരുന്ന രവിയും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറും  കോട്ടക്കല്‍ നിന്ന് നെടുമ്പാശേരിയിലേക്ക് പോവുകയായിരുന്ന ഇന്നോവയും  തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കുടുംബത്തിലെ അഞ്ചുപേരെയും തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആലുവ മുപ്പത്തടം സ്വദേശി എരുമത്ത് വീട്ടില്‍ രവി (60), ഭാര്യ രജി(50), മക്കളായ രാജേഷ് (31), റിനീഷ് (27), മരുമകളും രാജേഷിന്റെ ഭാര്യയുമായ വിദ്യ (22)എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കാര്‍ ഡ്രൈവ് ചെയ്തിരുന്ന രാജേഷിന്റെ നില ഗുരുതരമായിരുന്നു. ഉച്ചയോടെ രാജേഷ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആലുവ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
സാരമാല്ലാത്ത പരിക്കേറ്റ കോട്ടക്കല്‍ സ്വദേശികളെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Comments are closed.