Header

ബസ്സ്‌ സ്റ്റാണ്ട് കേന്ദ്രീകരിച്ച് മദ്യ വില്‍പ്പന നടത്തുന്നയാളെ പോലീസ് പിടികൂടി

ചാവക്കാട്: നഗരസഭാ ബസ്സ്‌ സ്റ്റാണ്ട് കേന്ദ്രീകരിച്ച് അനധികൃത  മദ്യ വില്‍പ്പന നടത്തുന്നയാള്‍ അറസ്റ്റില്‍. ദീര്‍ഘദൂര യാത്രാ ബസുകളുടെ ഡ്രൈവര്‍മാരുള്‍പ്പടെയുള്ളവര്‍ ഇടപാടുകാരെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
തിരുവത്ര പുത്തന്‍കടപ്പുറം ഇം.എം.എസ് നഗര്‍ സ്വദേശി കേരന്‍്റകത്ത് ഹൈദ്രോസിനെയാണ് (41) ചാവക്കാട് പൊലീസ് പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ച 5 ലീറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ചാവക്കാട് ബസ് സ്റ്റാണ്ടിലെത്തുന്ന ദീര്‍ഘ ദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ള എട്ട് ഡ്രൈവര്‍മാരാണ് ഇയാളുടെ മൊബൈല്‍ മദ്യശാലയിലെ സ്ഥിരം ഇടപാടുകാര്‍. സമീപത്തെ ഹോട്ടലില്‍ ഉച്ച ഭക്ഷണത്തിനായി പോകുന്നതിനിടയിലാണ് മദ്യ സേവ. ആവശ്യക്കാര്‍ക്ക് വഴിയില്‍ എത്തിച്ചു കൊടുക്കുന്നതും ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഹൈദ്രോസ് വലയിലായത്. ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദ്ദേശപ്രകാരം അനധികൃത മദ്യ മയക്കുമരുന്ന് വില്പന തടയാന്‍ ജില്ലയില്‍ രൂപ വത്ക്കരിച്ച ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ടീം അംഗങ്ങളായ എസ്.ഐ എം.കെ രമേഷ്, എ.എസ്.ഐ അനില്‍ മാത്യു, സി.പി.ഒ മാരായ ലോഫി രാജ്, സുബിന്‍, ശ്യാം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Comments are closed.