ഒരുമനയൂർ പാലം കടവ് നടപ്പാലം – ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തണം

കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന പാലം കടവ് നടപ്പാലം ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അടിയന്തിരമായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടBaപ്പോഴുള്ള ഇരുമ്പ് നടപ്പാലത്തിന് 15 കൊല്ലത്തെ പഴക്കമുണ്ട്. ഇക്കാലയളവിൽ ഒരു തവണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അറ്റകുറ്റപണി നടത്തിയിട്ടുണ്ട്.

നിലവിൽ പാലം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അറ്റകുറ്റപ്പണിക്കായി 5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഉണ്ടെങ്കിലും ഈ തുകക്ക് പ്രവർത്തി പൂർത്തീകരിക്കാനാവില്ലെന്നാണ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ അഭിപ്രായം. എസ്റ്റിമേറ്റ് തുക വളരെ കൂടുതലാണ് വരുന്നത്.
പാലത്തിന്റെ ശോചനീയാവസ്ഥ സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ബഡ്‌ജറ്റിൽ തുക വകയിരുത്തി ഇവിടെ ഗതാഗത യോഗ്യമായ പാലം പണിയുന്നതിന് നടപടിയെടുക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. ഇതിനായി ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് , ജില്ലാ കളക്ടർ എന്നിവരെ നേരിട്ട് കാണുന്നതിന് പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസ കുട്ടി വലിയകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത്, ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസ്സാലി, ബ്ലോക്ക് ഡിവിഷൻ മെമ്പർ കുമാരി അഷിത, ഒരുമനയൂർ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കയ്യുമ്മ ടീച്ചർ, കടപ്പുറം ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ബ്ലോക്ക് സെക്രട്ടറി സി എ വർഗീസ് എന്നിവർ പങ്കെടുത്തു.
ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതുവരെ ആരും അപകടം പതിയിരിക്കുന്ന ഈ പാലം യാത്രക്കായി ഉപയോഗിക്കരുതെന്ന് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഒരുമനയൂർ പഞ്ചായത്ത് സെക്രട്ടറി പാലത്തിലൂടെയുള്ള യാത്ര നിരോധിച്ച് നോട്ടീസ് പതിച്ചിരുന്നു. താത്കാലികമായി ബദൽ സംവിധാനങ്ങൾ ഒരുക്കാത്തത് വിദ്യാർത്ഥികൾ ഉൾപ്പെടുയുള്ള നാട്ടുകാരുടെ യാത്ര ദുരിതമാക്കിയിരിക്കുകയാണ്.

Comments are closed.