ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള പോലീസ് ചോദ്യാവലി കെട്ടിട ഉടമകള്‍ പൂരിപ്പിച്ച് നല്‍കണം
ചാവക്കാട്: ഇതര സംസ്ഥാന തൊഴിലാളികളേയും അവരെ പാര്‍പ്പിക്കുന്നവരേയും കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ആരായുന്ന ചോദ്യാവലി പോലീസ് പുറത്തിറക്കി. ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിധിയില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്കായാണ് പോലീസ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളിയുടേയും തൊഴിലാളിയെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകയുടേയും വിവരങ്ങള്‍ ആരായുന്ന ചോദ്യാവലി ഫോം പൂരിപ്പിച്ച് പോലീസിന് നല്‍കണം. രണ്ടു ഫോമുകളും കെട്ടിട ഉടമയാണ് പൂരിപ്പിക്കേണ്ടത്. തൊഴിലാളിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തിയ ചോദ്യാവലിയുടെ ഒരു പകര്‍പ്പ് പാര്‍പ്പിക്കുന്ന കെട്ടിട ഉടമയും കൈവശം വെക്കണം.
വെള്ളിയാഴ്ച ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നടന്ന ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിട ഉടമകളുടെ യോഗത്തില്‍ ചോദ്യാവലിയുടെ ഫോമുകള്‍ പോലീസ് വിതരണം ചെയ്തു. ഇതരസംസ്ഥാന തൊഴിലാളിയുടെ പേര്, വിളിപ്പേര്, മാതാപിതാക്കളുടെ പേര്, സ്വദേശത്തെ മേല്‍വിലാസം, പോലീസ് സ്‌റ്റേഷന്‍, സംസ്ഥാനം, ഫോണ്‍ നമ്പര്‍, ഉയരം, നിറം, പ്രത്യക്ഷത്തില്‍ കാണുന്ന രണ്ട് അടയാളങ്ങള്‍, കേരളത്തിലുള്ള മറ്റ് ബന്ധുക്കള്‍ എവിടെ, എന്ത് ജോലി ചെയ്യുന്നു, സ്വദേശത്തെ അറിയപ്പെടുന്ന ഒരാളുടെ പേരും ഫോണ്‍ നമ്പറും, കേരളത്തില്‍ കൊണ്ടുവന്നതാര്, അയാളുടെ പേരും വിലാസവും ഫോണ്‍ നമ്പറും, നിലവില്‍ ചെയ്യുന്ന ജോലിയും താമസ സ്ഥലവും, എത്ര കാലമായി കേരളത്തിലുണ്ട് എന്നിങ്ങനെ തൊഴിലാളിയെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ വ്യക്തമാകുന്ന ചോദ്യാവലിയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ തൊഴിലാളിയുടെ ഒരു ഫുള്‍ സൈസ് ഫോട്ടോയും ഇതോടൊപ്പം പതിപ്പിക്കണം.
ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകളെ സംബന്ധിച്ച വിവരങ്ങളും പോലീസ് ചോദ്യാവലിയില്‍ ആരായുന്നുണ്ട്. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കെട്ടിട നമ്പര്‍, പഞ്ചായത്ത്, വില്ലേജ്, കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം, ശൗചാലയങ്ങളുടെ എണ്ണം, വെള്ളത്തിന്റെ ലഭ്യത, വൈദ്യുതി സൗകര്യം, നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണം, ഇപ്രകാരം പാര്‍പ്പിക്കുന്നതിന് ഏതെങ്കിലും സ്ഥാപനത്തിന്റെ ലൈസന്‍സ് നേടിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവയാണ് ഉടകകളെ സംബന്ധിച്ച ചോദ്യാവലിയില്‍ ആരായുന്നത്. ഉടമയുടെ ഒരു ഫോട്ടോയും ഫോമില്‍ പതിപ്പിക്കണം.
യോഗത്തില്‍ ചാവക്കാട് സിഐ എ.ജെ.ജോണ്‍സന്‍, ചാവക്കാട് എസ്‌ഐ എം.കെ.രമേഷ്, വടക്കേക്കാട് എസ്‌ഐ മോഹിത് എന്നിവര്‍ കെട്ടിട ഉടമകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
Comments are closed.