mehandi new

ആരുടേയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ട് തകർന്നു പോകുന്നതാകരുത് നമ്മുടെ സൗഹൃദ സാംസ്കാരിക പാരമ്പര്യം, അത് കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട് – കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

fairy tale

ചാവക്കാട് : ആരുടേയെങ്കിലും വർഗീയ പ്രസ്താവനകൾ കൊണ്ടോ പ്രവർത്തനങ്ങൾ കൊണ്ടോ തകർന്നു പോകുന്നതാകരുത് നമ്മുടെ സൗഹൃദ സാംസ്കാരിക പാരമ്പര്യം.  അത് കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ ചാവക്കാട് സംഘടിപ്പിച്ച ജില്ലാ മീലാദ് കോൺഫറൻസിൽ മദ്ഹ് റസൂൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം സാമുദായിക സൗഹാർദ്ദത്തിന് പേരുകേട്ട നാടാണ്. വർത്തമാനകാലത്ത് മതസൗഹാർദ്ദം ഭീഷണികൾക്കും ആശങ്കകൾക്കും മധ്യേ ആണെങ്കിലും രാജ്യത്തിൻ്റെ രാഷ്ട്രീയവും സാമൂഹികവുമായ പാരമ്പര്യത്തിന് ഒരു ബലം ഉണ്ട്. അതുകൊണ്ട് സമൂഹങ്ങൾ തമ്മിലുളള സൗഹൃദത്തെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളും പ്രവത്തനങ്ങളും ഇവിടെ വിലപ്പോകില്ല. 

നിയമങ്ങളെയെല്ലാം നോക്കുകുത്തിയാക്കി കുറ്റാരോപിതരുടെ കെട്ടിടങ്ങളും വീടുകളുമെല്ലാം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുന്ന നടപടികൾ നിർത്തിവെക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നത്തെ ഇന്ത്യൻ അവസ്ഥയിൽ വലിയ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ട് നടക്കുന്ന അന്യായമായ ബുൾഡോസർ രാജ് പൂർണമായും ഇല്ലാതാക്കാൻ സുപ്രീം കോടതി ശ്വാശത വിധി പുറപ്പെടുവിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രവാചകൻ മുഹമ്മദ് നബി  ലോകത്തിന് നൽകിയ സന്ദേശങ്ങൾ സഹിഷ്ണുതയുടേയും സ്നേഹത്തിൻ്റേതുമാണ്. അവ പ്രാവർത്തികമാക്കിയാൽ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അധികവും അവസാനിക്കും. മതം മുന്നോട്ടു വെക്കുന്നത് നൻമ മാത്രമാണ്. അത് പ്രചരിപ്പിക്കുകയും പ്രയോഗത്തിൽ കൊണ്ടുവരികയും ചെയ്ത മഹദ് വ്യക്തിത്വമാണ് പ്രവാചകൻ മുഹമ്മദ് നബി. അവരെ അനുധാവനം ചെയ്ത് ലോകത്തിന് നൻമ ചെയ്യാനാണ് വിശ്വാസികൾ പരിശ്രമിക്കേണ്ടത്.  മീലാദ് നൽകുന്ന പ്രധാന സന്ദേശവും അതാണ്. ലഹരിക്കെതിരെ, സാമൂഹിക വിപത്തുകൾക്കെതിരെ, വർഗീയതക്കെതിരെ, വിദ്യാഭ്യാസത്തിനു വേണ്ടി അങ്ങിനെ എല്ലാ പുരോഗമന പ്രവർത്തനങ്ങൾക്കായും എല്ലാവരും ഒരുമിച്ച് നിൽക്കണം. ഓരോ മതവിഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്ന വർഗീയ തീവ്രനിലപാടുകളെ തിരുത്താൻ അതിനകത്തു നിന്ന് തന്നെ തിരുത്തൽ ശ്രമങ്ങളുണ്ടാകണം. മതനേതൃത്വം അതിന് സന്നദ്ധരാകണം. ഇസ് ലാമിക പാരമ്പര്യ മത പണ്ഡിതർ അത് നിർവഹിക്കുന്നുണ്ട്. സുന്നി സംഘടനകൾ നിർവ്വഹിക്കുന്ന പ്രധാന ദൗത്യവും അതാണെന്നും കാന്തപുരം പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി ജില്ലാ മീലാദ് റാലിയും ഗ്രാൻഡ് മൗലീദ് പാരായണവും നടന്നു.

planet fashion

Comments are closed.