ചാവക്കാട്: ഒരാഴ്ച നീണ്ടുനിന്ന അതിരൂപത കരുണാവര്‍ഷം സമാപനപരിപാടികള്‍ക്ക് ഞായറാഴ്ച പാലയൂര്‍ മാര്‍ തോമ തീര്‍ത്ഥകേന്ദ്രത്തില്‍ തുടക്കമാവുമെന്ന് തീര്‍ത്ഥകേന്ദ്രം സഹവികാരി
ഫാ.ജസ്റ്റിന്‍ കൈതാരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. 13 മുതല്‍ 19 വരെയാണ് തീര്‍ത്ഥകേന്ദ്രത്തില്‍ കരുണാവര്‍ഷം സമാപനവാരമായി ആചരിക്കുന്നത്. ഞായറാഴ്ച തീര്‍ത്ഥകേന്ദ്രത്തിലെ
തളിയക്കുളത്തില്‍ നടക്കുന്ന സമൂഹ മാമോദീസയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വി.കുര്‍ബാന, സമാപന ആഘോഷങ്ങളുടെ ഉദ്ഘാടനം, തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍ എന്നിവ
നടക്കും. ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയാവും. 14ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ സമൂഹത്തിലെ അഗതികളും അശരണരുമായവരെ ആദരിക്കും. മാര്‍ റാഫേല്‍ തട്ടില്‍, മാര്‍
പാസ്റ്റര്‍ നീലങ്കാവില്‍, നഗരസഭ ചെയര്‍മാന്‍ എന്നിവര്‍ ഈ ചടങ്ങില്‍ മുഖ്യതിഥികളാവും. 15ന് ദൈവ കരുണാനുഭവ ദിനമായി ആചരിക്കും. 16 മുതല്‍ 18 വരെ ദിവ്യകാരുണ്യത്തോടൊപ്പം 33
മണിക്കൂര്‍ ആരാധന ഉണ്ടാവും. 18ന് വൈകീട്ട് 4.30ന് ആരാധനയുടെ സമാപനശുശ്രൂഷകള്‍ക്ക് മാര്‍ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനാവും. സമാപനദിനമായ 19ന് ഉച്ചക്ക് 2.30ന്
തളിയകുളത്തില്‍ ഇതുവരെ മാമോദീസ സ്വീകരിച്ചവര്‍ ഒത്തുചേരും. മാര്‍തോമ മക്കള്‍ സംഗമം പരിപാടി നടക്കും. തുടര്‍ന്ന് വിശ്വാസ പ്രതിജ്ഞ, പ്രദക്ഷിണം, ദിവ്യബലി എന്നിവ ഉണ്ടാവും.
ഫ്രാന്‍സീസ് മാര്‍പ്പാപ്പ പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തിന് അനുവദിച്ച മാര്‍തോമ വിശ്വാസകവാടത്തിന്റെ ആശീര്‍വാദവും ദണ്ഡവിമോചന പ്രഖ്യാപനവും വൈകീട്ട് 4.30ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
നടത്തുന്നതോടെ ഒരാഴ്ച നീണ്ട കരുണാവര്‍ഷ സമാപനശുശ്രൂഷകള്‍ക്ക് സമാപനമാവും. തീര്‍ത്ഥകേന്ദ്രം കൈക്കാരന്‍ സി.ടി ഫിലിപ്പ്, സെക്രട്ടറി സി.കെ ജോസ്, അല്‍ജൊ സി.ജെ, ഷാജു
ചെറുവത്തൂര്‍, കെ.ടി വിന്‍സെന്റ് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.