ഇതെന്ത് കഥയിത്… എടക്കഴിയൂരിൽ സംസ്ഥാന സർക്കാറിന്റെ വിശ്രമയിടത്തിനു തൊട്ടടുത്ത് പഞ്ചായത്തിന്റെ വിശ്രമയിടം പദ്ധതിയും
പുന്നയൂർ: വരാനിരിക്കുന്ന തീരദേശ ഹൈവേയുടെ വിശ്രമകേന്ദ്രവും പുന്നയൂർ പഞ്ചായത്തിന്റെ പദ്ധതിയായ ടേക്ക് എ ബ്രേക്ക് വിശ്രമയിടവും തമ്മിൽ 200 മീറ്റർ വ്യത്യാസം മാത്രം. പുന്നയൂർ പഞ്ചായത്ത് ഭരണസമിതി പഞ്ചവടി ബീച്ചിൽ സ്വകാര്യ വ്യക്തി വിട്ടു നൽകിയ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട തീരദേശഹൈവേ പദ്ധതി പ്രകാരം റസ്റ്റിങ് പ്ലെയ്സ് വിഭാവനം ചെയ്തിട്ടുള്ളത് ടേക് എ ബ്രേക്ക് നിർമ്മിക്കാൻ ഉദ്ദേശിച്ച സ്ഥലത്തിന് ഇരുന്നൂറ് മീറ്റർ മാറി തെക്ക് ഭാഗത്ത് കാദിരിയ ബീച്ചിലാണ്.
ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് അമ്പത്തിരണ്ട് ലക്ഷം രൂപയാണ് പുന്നയൂർ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ദേശീയപാത 66ലെ യാത്രക്കാർക്ക് വിശ്രമിക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് പഞ്ചവടി ബീച്ചിലേക്ക് മാറ്റിയത്. നാഷണൽ ഹൈവേയോട് ചേർന്ന് സ്ഥലം ലഭിക്കാതിരുന്നതിനെ തുടർന്നാണ് സ്വകാര്യ വ്യക്തി സ്ഥലം നൽകിയപ്പോൾ പദ്ധതി ബീച്ച്ലേക്ക് മാറ്റിയതെന്ന് പറയുന്നു.
എന്നാൽ തീരദേശ ഹൈവേയുടെ വിശ്രമയിടം സമീപത്ത് തന്നെ വരുമ്പോൾ 52 ലക്ഷം ചിലവിൽ പണിയുന്ന പഞ്ചായത്തിന്റെ ടേക് എ ബ്രേക്ക് പദ്ധതിയുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുകയാണ്. തീരദേശ ഹൈവേയുടെ റെസ്റ്റിങ് പ്ലേസ് തൽസ്ഥാനത്ത് നിന്നും മാറ്റുവാൻ ആവശ്യപ്പെട്ടു കിഫ്‌ബി (കേരള റോഡ് ഫണ്ട് ബോർഡ്) മേധാവിക്ക് പഞ്ചായത്ത് പ്രസിഡണ്ട് കത്ത് നൽകിയിരുന്നു. തീരദേശപാതയുടെ അലൈൻമെന്റ് അന്തിമ ഘട്ടത്തിലാണെന്നും നിർദ്ദിഷ്ട റസ്റ്റിങ് പ്ലെയ്സ് മാറ്റാൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് പഞ്ചായത്തിന് ലഭിച്ചത്.
എടക്കഴിയൂർ ഖാദിരയയിൽ സംസ്ഥാന സർക്കാറിന്റെ വിശ്രമയിടം വരുമെന്ന് ഉറപ്പായിട്ടും അതേ പദ്ധതി തൊട്ടരികിൽ
നിർമ്മിക്കാനുള്ള തീരുമാനവുവുമായി മുന്നോട്ട് പോവുകയാണ് പുന്നയൂർ പഞ്ചായത്ത് ഭരണ സമിതി. നിലവിൽ സർക്കാർ പദ്ധതിയിൽ വിശ്രമകേന്ദ്രം വരാനിരിക്കെ തൊട്ടരികിൽ വൻ തുക ചിലവഴിച്ച് മറ്റൊരു വിശ്രമകേന്ദ്രം പണിയാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ഉയരുന്നുണ്ട്.
Comments are closed.