ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്റെ പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ദുരവസ്ഥയില്‍ നിന്നും നാടിനും നാട്ടുകാക്കും മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. ഗുരുവായൂര്‍ നെന്മിനി സ്വദേശിയും കണ്ണൂര്‍ ലോ കോളേജ് വിദ്യാര്‍ഥിനിയുമായ സോഫിയ ജോസ് ആണ് സമര രംഗത്തുള്ളത്. ട്രഞ്ചിംഗ് ഗ്രൌണ്ടിനു സമീപത്തുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കാലുകളില്‍ വൃണവും നീരും സ്ഥിരമായി ഉണ്ടാകുന്നു. ഇവിടെനിന്നുള്ള പുഴുവരിക്കുന്ന വെള്ളം ഒഴുക്കി വിടുന്നത് മത്തിക്കായാലിലെക്കാണ്. മത്തിക്കായാല്‍ ശുചീകരണത്തിനിടെ അട്ട കടിച്ച് അണുബാധയേറ്റ് തൊഴിലുറപ്പ് ജീവനക്കാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജില്ലാ ഭരണാധികാരികള്‍ നേരില്‍ വന്നു സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് സോഫിയയുടെ നിരാഹാര സമരം.
മത്തിക്കായലിന്റെ സംരക്ഷണവും ട്രഞ്ചിംഗ് ഗ്രൌണ്ടിന്‍റെ ദുരവസ്ഥയും ഉയര്‍ത്തി സോഫിയാ മാസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരസഭാധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തതിനാലാണ് അനിശ്ചിതകാല നിരാഹരവുമായി രംഗത്തെത്തിയത്.
പ്രശസ്ത കഥാകൃത്ത് ബാലചന്ദ്രന്‍ വടക്കേടത്ത് ആണ് സമരം ഉദ്ഘാടനം ചെയ്തത്. സമര സമിതി പ്രസിടണ്ട് മിഥുന്‍ അധ്യക്ഷത വഹിച്ചു., കണ്‍വീനര്‍ കെ ജെ യതുകൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി.
പിഡിപി, എസ് ഡി പി ഐ, മുസ്ലിം ലീഗ് നേതാക്കള്‍ സോഫിയയെ സമരപ്പന്തലില്‍ സന്ദര്‍ശിച്ചു.