Header

വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു

തിരുവത്ര: വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. തിരുവത്ര പുത്തന്‍കടപ്പുറം പാലക്കല്‍ ശംസുദ്ധീന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും ആക്ടിവ സ്കൂട്ടറുമാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. ഇന്ന് ബുധനാഴ്ച രാവിലെ രണ്ടര മണിയോടെയാണ് സംഭവം. ശംസുദ്ധീന്റെ മകന്‍ ഖലീലിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. നാട്ടുകാരനും പത്ര എജന്റുമായ എ മുഹമ്മദാലിയുടെതാണ് ആക്ടിവ സ്കൂട്ടര്‍. രണ്ടും വാഹനങ്ങളും ശംസുദ്ധീന്റെ വീടിനോട് ചേര്‍ന്ന പോര്‍ച്ചിലാണ് നിര്‍ത്തിയിട്ടിരുന്നത്.
ബൈക്കിന്റെ പെട്രോള്‍ടാങ്ക് പൊട്ടിത്തെറിച്ച ശബ്ദം കേട്ടാണ് വീട്ടുകാര്‍ എഴുന്നേറ്റത്. പുറത്തെ പോര്‍ച്ചില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വീട്ടുകാര്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ബൈക്കും സ്കൂട്ടറും പൂര്‍ണ്ണമായും കത്തി നശിച്ചു. മുഹമ്മദാലി കോണ്ഗ്രസ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ അയല്‍വാസിയാണ് ശംസുദ്ധീന്‍. ചാവക്കാട് പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഹനീഫ വധത്തിനു ആണ്ടു തികയുന്ന ദിനത്തില്‍ മേഖലയില്‍ നടന്ന ബൈക്ക് കത്തല്‍ സംഭവം നാട്ടുകാരില്‍ ഭീതി വളര്‍ത്തിയിട്ടുണ്ട്.

Comments are closed.