പ്ലാന്റ് പ്രവർത്തന രഹിതം; ചക്കംകണ്ടത്ത് മനുഷ്യ വിസര്‍ജ്യം തള്ളരുത് – സി.പി.ഐ ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : ഗുരുവായൂരില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറിയില്‍ ചക്കംകണ്ടത്ത് കൊണ്ടുവന്ന് സംസ്‌കരിക്കുന്നതില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്മാറണമെന്ന് സി.പി.ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ ഉദ്ഘാടനം ചെയ്ത ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റ് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും മലിന ജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍ നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനായ സി.പി.ഐ തൈക്കാട് ലോക്കല്‍ സെക്രട്ടറി എ.എം. ഷെഫീറാണ് പ്രമേയം അവതരിപ്പിച്ചത്. ഹോട്ടലുകളില്‍ നിന്നും കക്കൂസ് മാലിന്യം വാഹനത്തില്‍ ശേഖരിച്ച് ചക്കംകണ്ടത്തേക്ക് എത്തിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്നും നഗരസഭ പിന്മാറണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ ആഘാത പഠനമോ, പരിസ്ഥിതി ആഘാത പഠനമോ കൂടാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ആരോപിച്ചു. ഷാജി കാക്കശേരിയായിരുന്നു പ്രമേയത്തിന്റെ അനുവാദകന്‍.

Comments are closed.