കുഴിങ്ങരയിലെ പോലീസ് അതിക്രമം: എസ് എച്ച് ഒ ഉൾപ്പെടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം – യൂത്ത് ലീഗ്

പുന്നയൂർക്കുളം: പുന്നയൂർ പഞ്ചായത്തിലെ കുഴിങ്ങര സി.എച്ച്.എം ക്ലബ്ബിൽ പോലീസ് നടത്തിയ കാടത്തം അങ്ങേയറ്റം അപലപനീയം. വടക്കേക്കാട് എസ് എച്ച് ഒ ഉൾപ്പെടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ആവശ്യപ്പെട്ടു. വടക്കേക്കാട് പോലീസ് അകാരണമായി മർദിച്ച കുഴിങ്ങര സി.എച്ച്.എം ക്ലബ്ബ് പ്രവർത്തകരെ മുസ്ലിം യൂത്ത് ലീഗ് നേതാക്കളോടപ്പം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ തന്നെ ഏറ്റവും നല്ല പ്രവർത്തനങ്ങൾ നടത്തുന്ന സാംസ്‌കാരിക സംഘടനകളിൽ ഒന്നാണ് സി എച്ച് എം. റംസാനിലെ രാത്രി നമസ്ക്കാരത്തിന് പള്ളിയിൽ പോയി മടങ്ങിയ ക്ലബ്ബ് പ്രവർത്തകർക്കെതിരെ കയ്യേറ്റം നടത്താൻ മാത്രം എന്ത് പ്രകോപനമാണ് അവിടെയുണ്ടായതെന്ന് പോലീസ് വിശദീകരിക്കണം. പതിനാറു വയസ്സും പതിനഞ്ചു വയസ്സും മാത്രമുള്ള സ്കൂൾ വിദ്യാർത്ഥികളെ ചെകിടത്ത് അടിച്ചും കഴുത്തിനു പിടിച്ചു കുത്താനും പോലീസ് കാണിച്ച ക്രിമിനലിസം അംഗീകരിക്കാനാവില്ല.
നാട്ടിലെ ലഹരി ക്രിമിനൽ സംഘത്തെ കൈകാര്യം ചെയ്യാൻ തിണ്ണ മിടുക്ക് കാണിക്കേണ്ട പോലീസ് പകരം അത്തരം മാഫിയകൾക്ക് മുമ്പിൽ വിധേയരായി നിൽക്കുന്നത് തന്നെയാണ് ഇന്ന് നാട് അനുഭവിക്കുന്ന ദുരന്തങ്ങൾക്ക് കാരണമെന്നും നൗഷാദ് തെരുവത്ത് പറഞ്ഞു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരത്തിനു യൂത്ത് ലീഗ് നേതൃത്വം നൽകും.
സി. എച്ച്.എം രക്ഷാധികാരിയും മുസ്ലിം ലീഗ് നേതാവുമായ അഷ്‌കർ കുഴിങ്ങരയും ക്ലബ്ബ് ഭാരവാഹികളും പോലീസ് നടത്തിയ അക്രമങ്ങളെ കുറിച്ച് നേതാക്കളോട് വിശദീകരിച്ചു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമാരായ അലി അകലാട്, അസീസ് മന്ദലാംകുന്ന്, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആർ.വി കബീർ ഫൈസി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ കുഴിങ്ങര, ജനറൽ സെക്രട്ടറി കെ.എം ഷാജഹാൻ കറുത്താറൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു

Comments are closed.