ഗുരുവായൂര്‍: വ്യവസ്ഥകള്‍ ലംഘിച്ച് കരിമരുന്ന് പ്രയോഗം നടത്തിയതിന് പൊലീസ് കേസെടുത്തു. തൊഴിയൂര്‍ ചിറക്കല്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന വെടിക്കെട്ടിലാണ് വ്യവസ്ഥകള്‍ ലംഘിച്ചതായി പൊലീസ് കണ്ടെത്തിയത്. 15 കിലോയുടെ കരിമരുന്ന് പ്രയോഗത്തിനാണ് അനുമതി നല്‍കിയിരുന്നത്. കുഴിമിന്നല്‍, അമിട്ട് എന്നിവ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു. വെടിക്കെട്ടിനായി അനുമതി നല്‍കിയിരുന്ന ‘നാട്ടുകൂട്ടം’ കമ്മറ്റി ഭാരവാഹികള്‍, ലൈസന്‍സി പാലക്കാട് സ്വദേശി ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വെടിക്കെട്ടിനായി തയ്യാറാക്കിയിരുന്ന 1000ഓളം കുറ്റികളും 1000ഓളം കുഴികളും പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇവിടെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്നിരുന്ന ആന ഇടയുകയും ചെയ്തിരുന്നു.