mehandi new

കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി

fairy tale

ചാവക്കാട് : കേരളം കണ്ട ഏറ്റവും കുപ്രസിദ്ധ പിടികിട്ടാപ്പുള്ള‍ിയായ സുകുമാരക്കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി മുപ്പത്തിയേഴ്‌ വർഷങ്ങൾക്ക് മുൻപ് പോലീസ് ചാവക്കാടും എത്തി. 1984 ജനുവരി 21ന് അർധരാത്രി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.

അഞ്ചങ്ങാടി സ്വദേശി ഷാഹുവായിരുന്നു ചാക്കോ കൊലക്കേസിലെ പ്രതികളിലൊരാൾ. കുറുപ്പ് ജോലിചെയ്തിരുന്ന അബുദാബിയിലെ മറൈൻ ഓപറേറ്റിങ് കമ്പനിയിലെ കുറുപ്പിന്റെ വിശ്വസ്തനായിരുന്നു ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ഓഫിസ് ബോയ് ഷാഹു.

കുറുപ്പ് ജോലി ചെയ്തിരുന്ന കമ്പനി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുണ്ടായിരുന്നു. വരുമാന മാർഗം ഇല്ലാതാകുമെന്ന ചിന്തയിൽ പുതിയ മാർഗങ്ങൾ തേടുമ്പോഴാണ് ഒരു ഇംഗ്ല‍ിഷ് ഡിറ്റക്ടീവ് മാഗസിനിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് കാറിലിരുത്തി കത്തിച്ച സംഭവം കുറുപ്പിന്റെ കണ്ണിൽപ്പെട്ടത്. അബുദാബിയിൽ ഈ മാതൃകയിൽ കൊലപാതകം നടത്തിയാൽ പിടിക്കപ്പെടാനുള്ള സാധ്യത മനസ്സിലാക്കി കുറുപ്പ് നാട്ടിലേക്കെത്തി.

തന്റെ വിശ്വാസ്തനായ ഷാഹുവിനോട് കുറുപ്പ് തന്റെ ലക്ഷ്യം തുറന്നു പറഞ്ഞു. ജോലിയിലെ അസ്ഥിരതയിലുണ്ടായ അസംതൃപ്തിയും വലിയ തുക കൈയിൽ കിട്ടുമെന്ന അത‍‍ിമോഹവും കാരണം ഷാഹുവും കുറുപ്പിന്റെ പദ്ധതിയിൽ പങ്കാളിയായി.

ചെങ്ങന്നൂർ താണുവേലിൽ ശിവരാമക്കുറുപ്പിന്റെ മകന്റെ യഥാർഥ പേര് ഗോപാലകൃഷ്ണക്കുറുപ്പ് എന്നായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് എയർഫോഴ്സിൽ ചേരുമ്പോഴും അയാളുടെ പേര് അതായിരുന്നു. എയർഫോഴ്സിൽ നിന്ന് അവധിയെടുത്തു മുങ്ങിയ കുറുപ്പ്, സ്പെഷൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ച് താൻ മരിച്ചതായി സേനയിലേക്കു റിപ്പോർട്ട് അയപ്പിച്ചതോടെയാണ് ‘സുകുമാരക്കുറുപ്പ്’ എന്ന പുതിയ പേരിലേക്കു മാറിയത്. അബുദാബിയിലേക്കു പോകാൻ പാസ്പോർട്ട് എടുത്തത് സുകുമാരപിള്ള എന്ന പേരിലാണ്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന കാലത്ത് ബോംബെയിൽ കണ്ടുമുട്ടിയ നാട്ടുകാരിയായ സരസമ്മ എന്ന നഴ്സിനെ വീട്ടുകാരുടെ എതിർപ്പു മറികടന്ന് പ്രണയിച്ചു വിവാഹം കഴിച്ചു.

അബുദാബിയിൽ മറൈൻ ഓപറേറ്റിങ് കമ്പനിയിൽ ജോലി ചെയ്യുമ്പോൾ ഭാര്യ സരസമ്മയെയും അവിടേക്കു കൊണ്ടുപോയി. നാട്ടിലെത്തുമ്പോൾ ബന്ധുക്കളിൽനിന്ന് അകന്നു ജീവിക്കണമെന്ന ആഗ്രഹവുമായി ഇരുവരും അമ്പലപ്പുഴയ്ക്കു സമീപം പുതിയ വീടിന്റെ നിർമാണവ‍ും തുടങ്ങി. ആഘോഷങ്ങൾക്ക് പണം ചെലവഴിക്കാൻ മടിയില്ലാത്ത കുറുപ്പിന് നാട്ടിലും അബുദാബിയിലും ധാരാളം ആരാധകരുണ്ടായിരുന്നു.

പരിചയക്കാർക്കും സ്നേഹിതർക്കും പണവും പാരിതോഷികവും വാരിക്കോരി നൽകും.
അമ്പലപ്പുഴയിൽ വീടു പണി തുടങ്ങിയതോടെ അവിടേക്കുള്ള യാത്രയ്ക്കും മറ്റ് ഉല്ലാസ യാത്രകൾക്കുമായി കെഎൽവൈ 5959 നമ്പർ ടൂറിസ്റ്റ് കാർ വാങ്ങി. ആലപ്പുഴയിൽ സ്ഥിരതാമസമാക്കി ബിസിനസ് നടത്താനുള്ള സുഹൃത്തുക്കളുടെ പ്രേരണ ശക്തമായതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തുന്നതിനുള്ള വഴികളായി അയാളുടെ ചിന്ത നിറയെ. കുറുപ്പിനും ഭാര്യയ്ക്കും കൂടി അക്കാലത്ത് അബുദാബിയിൽ മാസം 60,000 രൂപ ശമ്പളം ലഭിച്ചിരുന്നെന്നു പറയപ്പെടുന്നു. പക്ഷേ ആഡംബര ജീവിതം കാരണം മിച്ചമൊന്നുമുണ്ടായിരുന്നില്ല.

നാട്ടിൽ സരസമ്മയുടെ സഹോദരീഭർത്താവ് ഭാസ്കരപിള്ളയ്ക്കും കുറുപ്പ് കത്തയച്ചു. തന്റെ പദ്ധതി വിശദമാക്കിയ ശേഷം പഴയൊരു കാർ വാങ്ങണമെന്നും മെഡിക്കൽ കോളജിലെ പരിചയക്കാരൻ മുേഖന ഒരു മൃതദേഹം സംഘടിപ്പിക്കണമെന്നും ഭാസ്കരപിള്ളയോടു പറഞ്ഞു. പിള്ള 8000 രൂപയ്ക്കു പഴയൊരു അംബാസഡർ കാർ വാങ്ങി.

തുടർന്ന് അമ്മയ്ക്ക് രോഗം കൂടുതലാണെന്നു നാട്ടിൽനിന്നു കമ്പിയടിപ്പിച്ച് കുറുപ്പും ഷ‍ാഹുവും ഒരേ വിമാനത്തിൽ തിരുവനന്തപുരത്ത് വന്നിറങ്ങി. തിരുവനന്തപുരത്തുനിന്നു ചെങ്ങന്നൂരിലേക്കുള്ള യാത്രയിൽ അവർ പദ്ധതി പ്ലാൻ ചെയ്തു. മോർച്ചറിയിൽനിന്ന് അനാഥ ശവം കിട്ടില്ലെന്ന് ഉറപ്പായതോടെ സെമിത്തേരിയിൽനിന്നു ശവം കുഴിച്ചെടുക്കാൻ ആലോചിച്ചെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. പിന്നീടാണ്, ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താമെന്ന ആശയം കുറുപ്പ് മുന്നോട്ടുവച്ചത്. ജനുവരി 21ന് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.

ചെങ്ങന്നൂരിലെത്തിയ ഷാഹുവിനെയും കൊണ്ട് ഡ്രൈവർ പൊന്നപ്പനും ഭാസ്കരപിള്ളയും കരുവാറ്റയിലെത്തി. കുറുപ്പ്, അമ്പലപ്പുഴയിലെ വീട്ടിൽ പോയതിനു ശേഷം രാത്രി 8 മണിയോടെ കരുവാറ്റയിലെത്തി. ഭക്ഷണവും മദ്യവും കഴിച്ച ശേഷം പത്തു മണിയോടെ ഇരയെ തേടി സംഘം പുറപ്പെട്ടു. പൊന്നപ്പൻ കെഎൽവൈ– 5959 കാറിൽ ഡ്രൈവർ സീറ്റിലും ഭാസ്‌കരപിള്ളയും ഷാഹുവും പിന്നിലുമായി ഇരുന്നു. കെഎൽക്യു 7831 കാറിൽ കുറ‍ുപ്പ് പിന്നാലെ വിട്ടു. തെക്കോട്ട് ഓച്ചിറ വരെ പോയിട്ടും ആരെയും കിട്ടാതെ അവർ ആലപ്പുഴയിലേക്കു തിരിച്ചു. ദേശീയപാതയിൽ കരുവാറ്റയ്ക്കു സമീപം ഹരി തീയറ്ററിനു മുന്നിൽ ആറടി പൊക്കമുള്ള ഒരാൾ ‘ലിഫ്റ്റ്’ ചോദിക്കുന്നതു കണ്ടപ്പോൾ കുറുപ്പിനും സംഘത്തിനും ഇരയെ മനസ്സിലായി. ആലപ്പുഴയിൽ ഇറക്കാമെന്നു പറഞ്ഞ് ഭാസ്കരപിള്ള അയാളെ അകത്തു കയറ്റി നടുവിലിരുത്തി.
‘ഞാൻ ചാക്കോ. ഫിലിം റെപ്രസന്റേറ്റീവ് ആണ്–’ വാഹനത്തിൽ കയറിയ ആൾ സ്വയം പരിചയപ്പെടുത്തി. ആലപ്പുഴയിലെ വീട്ടിലേക്കു പോകുകയാണെന്നും അയാൾ പറഞ്ഞു. ഭാസ്കരപിള്ള കുപ്പിയിൽനിന്ന് ഒരു ഗ്ലാസ് മദ്യം ഗ്ലാസിലൊഴിച്ചു നൽകിയെങ്കിലും മദ്യപിക്കാറില്ലെന്നു പറഞ്ഞു ചാക്കോ നിരസിച്ചു. കാർ ദേശീയപാതയിലൂടെ ആലപ്പുഴയിലേക്കു പോകുന്നതിനു പകരം പല്ലന റോഡിലേക്കു തിരിഞ്ഞു. വഴി മാറിയെന്ന് ചാക്കോ പറഞ്ഞെങ്കിലും പല്ലനയിൽ ഒരാളെ കാണാനുണ്ടെന്നും, ഉടൻ മടങ്ങാമെന്നും ഭാസ്കരപിള്ള പറഞ്ഞു. തുടർന്ന് ഭീഷണിപ്പെടുത്തി ചാക്കോയെ മദ്യം കഴിപ്പിച്ചു. ഈഥർ കലക്കിയ മദ്യം ഉള്ളിലെത്തിയപ്പോൾ ചാക്കോയുടെ ബോധം നഷ്ടമായി. ഷാഹുവും ഭാസ്‌ക്കരപിള്ളയും ചേർന്ന് ടൗവൽ ഉപയോഗിച്ച് കഴുത്തു മുറുക്കി ചാക്കോയെ കൊലപ്പെടുത്തി.

മൃതദേഹം കുറുപ്പിന്റെ ഭാര്യയുടെ വീട്ടിൽ കൊണ്ടുവന്നു റൂമിലിട്ടു പെട്രോൾ ഒഴിച്ച് കത്തിച്ചു. പിന്നീട് മാവേലിക്കര തണ്ണിമുക്ക് വയലിൽ കൊണ്ടുപോയി കാറിന്റെ ഡ്രൈവിങ് സീറ്റിൽ ചക്കൊയുടെ മൃതദേഹം ഇരുത്തി പെട്രോൾ ഒഴിച്ച് വാഹനം പൂർണ്ണമായും കത്തിച്ചു.

ഇതിനിടെ പ്രതികൾക്ക് പൊള്ളലേറ്റു. ഓടി രക്ഷപ്പെടുന്നതിനിടെ ഗ്ലൗസ്, ചെരിപ്പ് എന്നിവ നഷ്ടപ്പെട്ടു. ചാക്കോ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ ചെറിയൊരു ഭാഗം കത്താതെ അവശേഷിച്ചു. ഇതെല്ലാം പോലീസിന് കേസ് തെളിയിക്കാനും കുറുപ്പിന്റെ പദ്ധതി പൊളിയാനും കാരണമായി.

സുകുമാരക്കുറുപ്പ് ഒളിവിൽ പോയി. പോലീസ് പിടിയിലായ പൊന്നപ്പൻ, ഭാസ്കരൻ പിള്ള എന്നിവരെ കോടതി ശിക്ഷിച്ചു. സരസമ്മ, ഇവരുടെ സഹോദരി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. ഷാഹു മാപ്പു സാക്ഷിയായി രക്ഷപ്പെട്ടു.

ബ്ലാങ്ങാട് തൊട്ടാപ്പ് ചിന്നക്കൽ ഷാഹു ഇപ്പോൾ മത്സ്യ വില്പന നടത്തി ജീവിക്കുന്നു.

ഷാഹു

നിരവധി സിനിമകൾക്കും കഥകൾക്കും നോവലുകൾക്കും ഈ സംഭവം പ്രചോദനമായിട്ടുണ്ട്.
ഇന്ത്യ കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാരകുറുപ്പിനെ കുറിച്ചുള്ള വ്യത്യസ്തമായ കഥയുമായി
ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ ഇന്ന് തിയേറ്ററുകളിൽ എത്തുന്നു.

Claps

Comments are closed.