റോഡിലെ കുഴി പോലീസിന്റെ ‘ബുദ്ധി – ഗതാഗത കുരുക്കിൽ അമർന്നു ചാവക്കാട് നഗരം

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ചേറ്റുവ റോഡിലുള്ള ഭീമൻ കുഴിയും വെള്ളക്കെട്ടും ദിവസങ്ങളായി യാത്രക്കാരെ ദുരിതത്തി ലാക്കിയിട്ട്. എറണാകുളം ഭാഗത്ത് നിന്നും വരുന്നവർക്ക് ചാവക്കാട് നഗരത്തിൽ പ്രവേശിച്ച് മാത്രമേ പൊന്നാനി, ഗുരുവായൂർ, കുന്നംകുളം, തൃശ്ശൂർ ഭാഗങ്ങളിലേക്ക് പോകാൻ സാധ്യമാവുകയുള്ളൂ. ഒരു ദിശയിലേക്ക് മാത്രം യാത്രാനുമതിയുള്ള ചാവക്കാട് നഗര മദ്യത്തിലേക്ക് പ്രവേശിക്കുന്ന റോഡിലാണ് യാത്രക്കാർക്കായി വാരിക്കുഴിയുള്ളത്. ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാൽ അപരിചിതർക്ക് ഇവിടെ കുഴിയുള്ളത് അറിയില്ല. ബൈക്ക് യാത്രികർ ഈ കുഴിയിൽ വീണു അപകടം സംഭവിക്കുന്നത് പതിവാണ്. കുഴിയിൽ വീഴുന്ന വാഹനങ്ങൾ വെള്ളക്കെട്ടിൽ നിന്നും കരകയറാൻ സമയമെടുക്കുന്നത് മൂലം ചേറ്റുവ റോഡിലും ബൈപാസ് റോഡിലും വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

ശനിയാഴ്ച്ച രാവിലെ മുതൽ തുടങ്ങിയ ഗതാഗത കുരുക്കഴിക്കാൻ ഉച്ചതിരിഞ്ഞു പോലീസ് രംഗത്തിറങ്ങിയതോടെ ചാവക്കാട് നഗരം പൂർണ്ണമായും സ്തംഭിച്ചു.
ചാവക്കാട് ജങ്ഷനിൽ നിന്നും ഏനാമാവ് റോഡിലേക്കുള്ള ഗതാഗതം പോലീസ് പൂർണ്ണമായും തടയുകയും പൊന്നാനി ഭാഗത്ത് നിന്നും എറണാകുളം ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളെയും ചാവക്കാട് മെയിൻ റോഡ് വഴി തിരിച്ചു വിടുകയും ചെയ്തു. ഇതോടെ കുന്നംകുളം നിന്നും ഗുരുവായൂർ ഭാഗങ്ങളിൽ നിന്നായി പൊന്നാനി പാവറട്ടി കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും ചാവക്കാട് മെയിൻ റോഡ് വഴി പോലീസ് തിരിച്ചുവിട്ട കുന്നംകുളം, ഗുരുവായൂർ, തൃശൂർ, പാവറട്ടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും വടക്കേ ബൈപാസ് ജംഗ്ഷനിലെത്തിയതോടെ ചാവക്കാട് നഗരവും നഗരത്തിലേക്കുള്ള വഴികളും മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അമർന്നു. ചാവക്കാട് മുതൽ മുതുവട്ടൂർ വരെയും, പൊന്നാനി റോട്ടിൽ അയിനിപ്പുള്ളി വരെയും, ചേറ്റുവ റോഡിൽ നാലാം കല്ല് വരെയും പൊന്നറ ജങ്ഷൻ മുതൽ പഞ്ചാരമുക്ക് വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ഈ സമയം ചാവക്കാട് ഏന്നാമാവ് വൺവേ റോഡ് വിജനമായി കിടന്നു. നാടിനെ കുറിച്ചറിയാത്ത പോലീസുകാർ ഗതാഗതം നിയന്ത്രിച്ചത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്ന് നഗരത്തിലെ കച്ചവടക്കാർ പറഞ്ഞു.

Comments are closed.