ചാവക്കാട്: സബ്ജയിലില്‍ തടവുകാരുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ചൊവ്വാഴ്ച തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ വിവരങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തി  ജയില്‍ വകുപ്പിന് കൈമാറുന്ന നടപടിക്ക് തുടക്കമായത്. ഇതു പ്രകാരം ജനുവരി മുതല്‍ എല്ലാ മാസവും ഓരോ ജയിലിലെയും തടവുകാരുടെ എണ്ണവും തടവുകാരുടെ ഡാറ്റാ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിന്റെ വിവരവും കൃത്യമായി ശേഖരിക്കും. സംസ്ഥാന ജയില്‍ വകുപ്പ് ഈ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. എല്ലാ ജയില്‍ സുപ്രണ്ടുമാര്‍ക്കും മേഖല ഡി.ഐ.ജി.മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം ജയില്‍വകുപ്പ് നല്‍കിയിട്ടുണ്ട്. ചാവക്കാട് സബ്ജയിലിലെ 47 തടവുകാരില്‍ ആധാറില്ലാത്ത 16 പേരുടെ ആധാര്‍ രജിസ്‌ട്രേഷനാണ് ചൊവ്വാഴ്ച നടന്നത്. ആധാറുള്ള മറ്റു തടവുകാരുടെ  വിവരങ്ങളും തമ്പ് ഇംപ്രഷന്‍ ഉപയോഗിച്ച് കണ്ടെത്തി വകുപ്പ് അധികൃതര്‍ക്ക് നല്‍കും. ജയില്‍ സൂപ്രണ്ട് എം.വി.തോമസ്, ഡപ്യൂട്ടി പ്രിസന്‍ ഓഫീസര്‍ വി.വി.സുരേഷ്, അക്ഷയ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ബി.ധന്യ മേനോന്‍, പൊതുപ്രവര്‍ത്തകരായ കെ.കെ.സുധീരന്‍, അജി ജോര്‍ജ്ജ്, ജയില്‍ ഉദ്യോഗസ്ഥരായ ടി.എന്‍.ജയെഷ്‌കുമാര്‍, കെ. ബിന്‍ജോ, കെ അനീഷ്‌കുമാര്‍, വി.വി.ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.