ഗുരുവായൂര്‍: പൊതുകിണറുകൾ സംരക്ഷിക്കുകയെന്നത് അടുത്ത തലമുറയോട് ചെയ്യുന്ന നീതിയാണെന്ന് ചീഫ് വിപ്പ് കെ. രാജൻ. ഗുരുവായൂർ ഇരിങ്ങപ്പുറത്ത് നവീകരിച്ച വന്നേരി കിണറിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് നാടിൻ്റെ പൊതുയിടങ്ങൾ കൂടിയായിരുന്നു കിണറ്റിൻ കരകളെന്നും അദ്ദേഹം പറഞ്ഞു.

കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ എം. രതി മുഖ്യാതിഥിയായിരുന്നു. കിണർ നവീകരണത്തിന് സി.എസ്.ആർ. ഫണ്ട് അനുവദിച്ച കനറ ബാങ്ക് മാനേജർ പി.കെ. അവിനാശ്, നിർമാണത്തിന് നേതൃത്വം നൽകിയ ഹൈമ ഹോം ഡെക്കർ ൻ്റെ എം.ഡി ആയ അജിത് മോഹൻ എന്നിവർക്ക് ചീഫ് വിപ്പ് ഉപഹാരം നൽകി.

വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. ഷെനിൽ, ആർ. ജയകുമാർ, ലിജിത്ത് തരകൻ, എ.ഡി. പോൾ എന്നിവർ സംസാരിച്ചു.