ഗുരുവായൂർ : നഗരസഭയിലെ 34 വാർഡ്‌ പൂക്കോട് കപ്പിയൂരിൽ സ്വകാര്യ വ്യക്തി മതിൽകെട്ടി പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഗുരുവായൂർ നഗരസഭക്ക് തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല.
ഇരുപത് വർഷം മുൻപ് ഒരു കുടുംബം നാട്ടുകാർക്ക് പൊതുവായി നൽകിയതാണ് കിണർ. മേഖലയിലെ മിക്കവാറും വീടുകളിൽ സ്വന്തമായി കിണറും കുടിവെള്ള സൗകര്യവുമൊക്കെ ആയതിനെ തുടർന്ന് അഞ്ചു കുടുംബങ്ങളാണ് ഇപ്പോൾ കുടിവെള്ളത്തിന് പൊതു കിണറിനെ ആശ്രയിക്കുന്നത്. മോട്ടോർ ഉപയോഗിച്ചാണ് വെള്ളം ഉപയോഗിക്കുന്നത് എങ്കിലും വൈദ്യുതി തടസ്സം നേരിടുമ്പോഴൊക്കെ കിണറിൽ നിന്നും കോരിയെടുക്കാറാണ് പതിവ്. എന്നാൽ മതിൽ കെട്ടിയതോടെ കപ്പി ഉപയോഗിച്ച് വെള്ളം കോരിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.
രണ്ട് വീട്ടുകാർ തമ്മിലുള്ള വഴക്കാണ് മതിൽ കെട്ടുന്നതിന് കാരണമായതെന്നു നാട്ടുകാർ പറയുന്നു.
കുടിവെള്ളം തടസ്സപ്പെടുത്തി മതിൽ കെട്ടിയവരെ നഗരസഭ ഹിയറിംഗിന് വിളിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും പരിഹാരമൊന്നും ഉണ്ടായില്ല.
സ്വന്തം അതിരിലാണ് മതിൽ കെട്ടിയതെന്നാണ് ഉടമയുടെ വാദം. എന്നാൽ പൊതു കിണറിനു സമീപം മതിൽ കെട്ടുമ്പോൾ നഗരസഭയുടെ മുൻ‌കൂർ അനുമതി വാങ്ങേണ്ടതുണ്ട്.
മുഖ്യമന്ത്രിക്കും കളക്ടർക്കും നാട്ടുകാർ പരാതി അയച്ചിട്ടുണ്ട്.