അണ്ടത്തോട് : ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടുമായി മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികൾ പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ. മാഹാരാഷ്ട്ര നാഗപ്പൂർ സ്വദേശികളായ അക്ഷയ് ശർമ (38), ഭാര്യ ജോനാ ആൻഡ്രൂസ് (28) എന്നിവരാണ് പിടിയിലായത്. അവണ്ടിത്തറയിലെ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ വാങ്ങിയതിനു വിലയായി നൽകിയ 2000 രൂപയുടെ നോട്ടിൽ സംശയം തോന്നി കടയുടമ പോലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് ഇവർ സഞ്ചരിച്ച കാർ പെരുമ്പടപ്പ് പോലീസ് പിടികൂടുകയും പരിശോധനയിൽ ഒരുലക്ഷത്തി പതിനാറായിരം രൂപയുടെ കള്ളനോട്ടും നോട്ട് അടിക്കാൻ ഉപയോഗിച്ച ഒരു പ്രിന്ററും ലാപ്ടോപ്പും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
പരിശോധനകൾക്ക് എസ് ഐ സുരേഷ്, അഡീഷണൽ എസ് ഐ മാരായ പ്രദീപ്, സുനിൽ, സി പി ഒ സുധീർ തുടങ്ങിയവർ നേതൃത്വം നൽകി.