mehandi new

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി രാജ്യത്തിന് മാതൃക: മന്ത്രി വി. അബ്ദുറഹിമാന്‍

fairy tale

ചാവക്കാട് : രാജ്യത്തിന് സംസ്ഥാന കായിക മേഖല നല്‍കുന്ന മഹത്തായ സംഭാവനയാണ് ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പുന്നയൂര്‍ പഞ്ചായത്ത് പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

planet fashion

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കായിക പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം 2,500 കോടി രൂപയോളം ചെലവഴിച്ചു. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 357 ചെറുതും വലുതുമായ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇതിന് പുറമെയാണ് ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് കളിക്കളങ്ങള്‍ നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് നിര്‍മ്മിച്ചു നല്‍കുന്നതിനപ്പുറം ഓരോ പഞ്ചായത്തിലും ഓരോ പരിശീലകനേയും കായിക വകുപ്പില്‍ നിന്ന് നിയോഗിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിന്റെ 50 ലക്ഷം രൂപയും എന്‍.കെ. അക്ബര്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് പുന്നയൂര്‍ പഞ്ചായത്ത് ഗ്രൗണ്ട് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ 70 സെന്റ് ഭൂമിയില്‍ ഒരുക്കിയിരിക്കുന്ന കളിക്കളത്തില്‍ പ്രധാനമായും മഡ് കോര്‍ട്ട്, ഫെന്‍സിംഗ്, ഫ്‌ളെഡ് ലൈറ്റ്, ടോയ്‌ലെറ്റ് ബ്ലോക്ക്, അനുബന്ധ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്.

എടക്കഴിയൂര്‍ നാലാംകല്ല് ബീച്ചിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷ്‌റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.എ. വിശ്വനാഥന്‍, ഷെമീം അഷറഫ്, എ.കെ. വിജയന്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. അനൂപ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബി. ഫസലുദ്ദീന്‍, പി.വി. ജാബിര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ സ്വാഗതവും പഞ്ചായത്തംഗം എം.കെ. അറാഫത്ത് നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.