mehandi new

സിവില്‍ സപ്ലൈസ് വകുപ്പിന്റെ മിന്നല്‍ പരിശോധന – വിവിധ ഇനങ്ങളിലായി കണ്ടെത്തിയത് 44 ക്രമക്കേടുകള്‍

fairy tale

ചാവക്കാട്: സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ വെള്ളിയാഴ്ച മിന്നല്‍ പരിശോധന നടത്തി. 109 വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ വിവിധ ഇനങ്ങളിലായി 44 ക്രമക്കേടുകള്‍ കണ്ടെത്തി. ഗുരുവായൂരിലെ 29 ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ടീ സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പതിടത്ത് ക്രമക്കേടുകള്‍ കണ്ടെത്തി. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഭക്ഷ്യ ലൈസന്‍സും മുനിസിപ്പല്‍ ലൈസന്‍സും എടുക്കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകളാണ് കൂടുതലായും കണ്ടെത്തിയത്. തുടര്‍നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. കളക്ടറുടെ പ്രത്യേക ഉത്തരവനുസരിച്ച് വിലക്കയറ്റവും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി രൂപവത്ക്കരിച്ച സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
ജില്ലയിലെ പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. വിവിധ ലൈസന്‍സുകള്‍ എടുക്കാതിരിക്കുകയും വിലനിലവാരപട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്യുന്ന വ്യാപാരികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടക്കുന്ന പരിശോധനകളില്‍ ശക്തമായ നടപടി ഉണ്ടാവും. ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ പിടിച്ചെടുത്ത് നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ 0487-2502525 എന്ന നമ്പറില്‍ ബന്ധപ്പെടണം. ലീഗല്‍ മെട്രോളജി, റവന്യു, പോലീസ് എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ എ.കെ.സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സേവ്യര്‍ പി.ഇഗ്നേഷ്യസ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എ.കെ.പ്രഭാകരന്‍, ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്.ലാല്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ആര്‍.ബിജു എന്നിവരും പങ്കെടുത്തു.

Comments are closed.