കരാട്ടെയിൽ അപൂർവ നേട്ടം: കൊച്ചുമിടുക്കി നഹാന ഗഫൂർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ചെറുപ്രായത്തിൽ തന്നെ കരാട്ടെയിൽ വിസ്മയ പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അകലാട് സ്വദേശിനി നഹാന ഗഫൂർ. ഏറ്റവും പ്രായം കുറഞ്ഞ ‘സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ്’ (Youngest 2nd Dan Black Belt) ജേതാവെന്ന അപൂർവ നേട്ടമാണ് നഹാനയെ അംഗീകാരത്തിന് അർഹയാക്കിയത്.നാലാം വയസ്സിൽ കരാട്ടെ അഭ്യസിച്ചു തുടങ്ങിയ നഹാന, മന്നലാംകുന്ന് ഡ്രാഗൺ കരാട്ടെ ക്ലബ്ബിലെ ശിഹാൻ മുഹമ്മദ് സാലിയുടെ കീഴിലാണ് പരിശീലനം നേടിയത്. നിരന്തരവും കഠിനവുമായ പരിശീലനത്തിലൂടെ ചെറുപ്രായത്തിൽ തന്നെ ‘സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ്’ സ്വന്തമാക്കാൻ ഈ മിടുക്കിക്ക് കഴിഞ്ഞു.അകലാട് സ്വദേശികളായ ഗഫൂർ – ജംഷീറ ദമ്പതികളുടെ മകളാണ് നഹാന. കരാട്ടെയിലെ ഈ റെക്കോർഡ് നേട്ടത്തിലൂടെ നാടിനും കുടുംബത്തിനും വലിയൊരു അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുപ്രതിഭ. മമ്മിയൂർ എൽ എഫ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നഹാന.




Comments are closed.