റവന്യൂ ജില്ലാ ശാസ്ത്രമേള ചാവക്കാട് – ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും ഒക്ടോബർ 28, 29 തിയ്യതികളിൽ ചാവക്കാട് നടക്കുമെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. എൽ. എഫ്. സി. ജി. എച്ച്. എസ്. എസ് മമ്മിയൂരിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യാതിഥിയാകും.

എൽ. എഫ്. സി. ജി. എച്ച്. എസ്. എസ് മമ്മിയൂർ, ജി എച്ച് എസ് എസ് ചാവക്കാട്, എം ആർ ആർ എം എച്ച് എസ് എസ് ചാവക്കാട് എന്നിവിടങ്ങളിലായി അയ്യായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയിൽ കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശനവും വില്പനയും ഉണ്ടാകും. ഫെസ്റ്റിവലിൽ 52 സ്കൂളുകളിൽ നിന്നായി 500 ഓളം കുട്ടികൾ പങ്കെടുക്കുകയും 60 സ്റ്റാളുകളിലായി 19 ഇനങ്ങളിൽ തൊഴിൽ നൈപുണികളുടെ മത്സരങ്ങളും വിനോദങ്ങളും കരിയർ ഫെസ്റ്റും ഉണ്ടാകും.
മേളയുടെ സമാപന സമ്മേളനം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥി ആകും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നിർവഹിക്കും.
ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ നടന്ന വാർത്താ സമ്മേളനത്തിൽ റവന്യൂ ജില്ല ശാസ്ത്രമേളയുടേയും കേരള സ്കൂൾ സ്‌കിൽ ഫെസ്റ്റിവൽ 2025ന്റേയും ലോഗോ എൻ.കെ അക്ബർ എംഎൽഎ പ്രകാശനം ചെയ്തു. വള്ളിവട്ടം പൂവത്തുംകടവിൽ പി.കെ മുജീബ് റഹ്മാനാണ് ലോഗോ രൂപകല്പന ചെയ്തത്. ശാസ്ത്രമേള പബ്ലിസിറ്റി ചെയർമാനും ചാവക്കാട് മുൻസിപ്പാലിറ്റി വൈസ് ചെയർമാനുമായ കെ. കെ മുബാറക്, ഡിഡിഇ പി. എം ബാലകൃഷ്ണൻ, ഡിഇഒ ടി രാധ, ചാവക്കാട് എ.ഇ.ഒ വി. ബി സിന്ധു, പബ്ലിസിറ്റി കൺവീനർ എൻ. കെ പ്രവീൺ, പി.ടി കിറ്റോ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Comments are closed.