വടക്കേകാട് : ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആര്‍ എസ് എസ് സംഘം ചേര്‍ന്ന് ആക്രമിച്ചു. ചാവക്കാട് ബ്ലോക്ക്‌ കമ്മിറ്റി അംഗവും വടക്കേകാട് മേഖലാ സെക്രട്ടറിയുമായ ജിതിന്‍ (24), മണികണ്ടേശ്വരം യൂണിറ്റ് സെക്രട്ടറി അഖില്‍ (21) എന്നിവരെയാണ് ഇരുപതോളം വരുന്ന സംഘം വടക്കേകാട് മൂന്നാം കല്ലില്‍വെച്ച് ആയുധങ്ങളുമായി ആക്രമിച്ചത്. ഗൃരുതരമായ പരിക്കേറ്റ ഇരുവരെയും കുന്നംകുളം റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ച ഒരുമണിയോടെയാണ് സംഭവം. തിരുവളയന്നൂര്‍ സ്വദേശികളും അയല്‍വാസികളുമായ ജിതിനും അഖിലും സിനിമ കണ്ട് വരുന്ന വഴിയിലാണ് അക്രമത്തിനു ഇരയായത്. ബൈക്കില്‍ വരികയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. അഖിലിന്റെ കയ്യിനും കാലിനും തലക്കും പരിക്കുണ്ട്. വടക്കേകാട് പോലീസ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. പോലീസിനു പ്രതികളെകുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വടക്കേകാട് ബി എം എസ് നേതാവിനെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിച്ചിരുന്നു. ഈ കേസില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് വൈകുന്നേരം ആറുമണിക്ക് വടക്കേകാട് മുക്കിലപീടികയില്‍ നിന്നും ആര്‍ എസ് എസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെ പ്രതിഷേധ പ്രകടനം ഉണ്ടാകുമെന്ന് മേഖലാ ഭാരവാഹികള്‍ അറിയിച്ചു.