സാലറി ചലഞ്ച്; സർക്കാർ ഉത്തരവല്ല വേണ്ടത്, ജീവനക്കാർക്ക് സ്വന്തമായ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം

ചാവക്കാട് : ജീവനക്കാർക്ക് യുക്തമായ രീതിയിൽ സാലറി ചലഞ്ചിൽ പങ്കെടുക്കുന്നതിനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു. വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട അഞ്ചുദിവസത്തിൽ കുറയാത്ത വേതനം നൽകണമെന്നുള്ള സർക്കാർ ഉത്തരവ് അംഗീകരിക്കുവാൻ സാധിക്കുകയില്ല. തങ്ങൾ നൽകേണ്ട തുക എന്താണെന്ന് തീരുമാനിക്കാനുള്ള അവകാശം ജീവനക്കാർക്ക് നൽകണം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിഎ, പേ റിവിഷൻ അരിയർ പോലും അനുവദിക്കാതെ ജീവനക്കാരോട് നിഷേധാത്മക നിലപാട് തുടരുന്ന സാഹചര്യത്തിൽ ഓരോ ജീവനക്കാരനും അവരവർക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാനുള്ള സംവിധാനമാണ് വേണ്ടത്. ക്ലാസ് ഫോർ, ക്ലാസ് ത്രീ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അഞ്ചു ദിവസത്തെ വേതനം നൽകുക എന്നത് അവരുടെ ജീവിതത്തെ ദുഷ്കരമാക്കും എന്നതിൽ തർക്കമില്ല. ജീവനക്കാരിൽ നിന്നും നിർബന്ധപൂർവം വാങ്ങാതെ ഇഷ്ടമുള്ള തുക സംഭാവന ചെയ്യുന്നതിനുള്ള ക്രമീകരണം സ്പാർക്കിൽ ഏർപ്പെടുത്തി ഉത്തരവുണ്ടാകണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സാലറി ചലഞ്ച് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിതായി ഇന്നലെ കൂടിയ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനം അനുസരിച്ച് സർക്കാരിന് നിഷേധാത്മക നിലപാടാണെങ്കിലും ഓരോ അനദ്ധ്യാപകനും അവനവന് യുക്തമായ രീതിയിൽ സാലറി ചലഞ്ചിൽ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള തീരുമാനമെടുക്കാമെന്നുള്ള തീരുമാനമാണ് ഉണ്ടായത്.
കൂടാതെ കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ പ്രഖ്യാപിച്ച ഒരു വീട് വെച്ച് നൽകാനുള്ള തീരുമാന പ്രകാരം ഉള്ള കളക്ഷൻ ഓഗസ്റ്റ് 30 നകം പൂർത്തിയാക്കി ഉടൻ നിർമാണ പ്രവർത്തനം ആരംഭിക്കാനും തീരുമാനം എടുത്തു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ വി മധു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ഓർഗനൈസിംഗ് സെക്രട്ടറി അജി കുര്യൻ, ട്രഷറർ ഷാജു സി സി, ഭാരവാഹികൾ ആയ ടി കെ ശശിധരൻ, സിജി ചാക്കോ, വൈ നസീർ, ബിനു പി എം, ബിന്ദു മാത്യു എന്നിവർ സംസാരിച്ചു.

Comments are closed.