കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസ്സുകൾ നിരത്തിലിറക്കും – മണത്തല ഗവൺമെന്റ് സ്കൂൾ ഒ എസ് എ

ചാവക്കാട് : കട്ടപ്പുറത്തിരിക്കുന്ന സ്കൂൾ ബസ്സുകൾ നിരത്തിലിറക്കുമെന്ന് മണത്തല സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂളിന്റെ ഉന്നതിക്കും വിദ്യാർത്ഥികളുടെ ക്ഷേമത്തിനും വേണ്ടി സംഘടന പ്രവർത്തിക്കും.

കഴിഞ്ഞ ദിവസം മണത്തല ഗവ. ഹൈസ്കൂളിൽ ചേർന്ന രൂപീകരണ യോഗം ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി ശ്രീലേഖ, പ്രധാന അധ്യാപിക ബിന്ദു എന്നിവർ സംസാരിച്ചു.
ഒ എസ് എ ഭാരവാഹികളായി കെ സി ശിവദാസ് (പ്രസിഡണ്ട്), നസീർ മടപ്പേൻ (ജനറൽ സെക്രട്ടറി), അബ്ദുൽ കലാം (ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി ആർ ടി അബ്ദുൽ ഗഫൂർ, നൗഷാദ് കാട്ടിൽ, അനിത എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി ബൈജു തെക്കൻ, സുൽഫിക്കർ തിരുവത്ര, കെ വി ശശി എന്നിവരെയും 30 അംഗ എക്‌സിക്യൂട്ടീവ് സമിതിയെയും തിരഞ്ഞെടുത്തിരുന്നു. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100ദിന പരിപാടികൾ സംഘടിപ്പിക്കും. വായനാദിനത്തിൽ സ്കൂളിൽ വായന മൂല ഒരുക്കും. കുട്ടികൾക്ക് പുസ്തകവും പ്രസിദ്ധീകരണങ്ങളും വായിക്കാനുള്ള സജ്ജീകരണം ഇവിടെയുണ്ടാകും. ലഹരിക്കെതിരെ ബോധവൽക്കരണം, സെമിനാറുകൾ, ഡോക്യുമെന്ററി എന്നിവ സംഘടിപ്പിക്കും. കൂടാതെ വനം വകുപ്പുമായി സഹകരിച്ച് വിവിധയിനം പാമ്പുകളും അവയുടെ സവിശേഷതകളും എന്ന വിഷയത്തിലും കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സെമിനാറുകൾ സംഘടിപ്പിക്കും. ആനകളെ അടുത്തറിയാൻ എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളുമായി പുന്നത്തൂർ ആനക്കോട്ട സന്ദർശിക്കാനുള്ള അവസരം ഒരുക്കുമെന്നും ഒ എസ് എ ഭാരവാഹികൾ പറഞ്ഞു.
ഒ എസ് എ ജനറൽ സെക്രട്ടറി നസീർ മടപ്പേൻ, ട്രഷറർ പി.കെ. അബ്ദുൽ കലാം, വൈസ് പ്രസിഡന്റ് ആർ ടി അബ്ദുൽ ഗഫൂർ, ജോയിന്റ് സെക്രട്ടറിമാരായ സുൽഫിക്കർ, ബൈജു തെക്കൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.