ചാവക്കാട്: പാലുവായ് മാമാബസാര്‍ പല്ലവി സ്റ്റോപ്പിന് സമീപത്തെ കുളത്തില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഞായറാഴ്ച പുലര്‍ച്ച രണ്ടോടെയാണ് വാഹനത്തില്‍ കൊണ്ടുവന്ന്  ചാവക്കാട്-പാവറട്ടി റോഡിലെ കുളത്തില്‍ മാലിന്ന്യം തള്ളിയതെന്ന്  കരുതുന്നു. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന്  രാവിലെ പരിസരവാസികള്‍ കുളത്തിനടുത്തെത്തിയപ്പോഴാണ് കക്കൂസ് മാലിന്യം കുളത്തിലെ വെള്ളത്തില്‍ കലര്‍ന്നു കിടക്കുന്നത് കണ്ടത്. ഇതിനുമുമ്പും പല തവണ രാത്രിയുടെ മറവില്‍ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ടെന്നു  പരിസരവാസികളായ എ. അബ്ദു, എന്‍.കെ.സുലൈമാന്‍, നിറം സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ലിയാഖത്ത് ചാവക്കാട് എന്നിവര്‍ പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ ചാവക്കാട് പോലീസില്‍ നാട്ടുകാര്‍ പരാതി നല്‍കി.    ഇവിടെ പകര്‍ച്ചപനി പോലെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് വെള്ളത്തില്‍ കക്കൂസ് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും പോലീസിന്റെ  രാത്രി പെട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.