Header

ചക്കംകണ്ടം കായലില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നു

ഗുരുവായൂര്‍ : മാലിന്യ തൊട്ടിയായി മാറിയ ചക്കംകണ്ടം കായലില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുത് പരിസരവാസികളെ ദുരിതത്തിലാഴ്ത്തുന്നു. ചൊറിയന്‍ പുഴു ശല്യത്തിനു പുറമെ സെപ്റ്റിക് ടാങ്ക് മാലിന്യം കൂടിയായതോടെ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമായിരിക്കയാണ്. നഗരത്തിലെ മാലിന്യം മുഴുവന്‍ വലിയ തോട് വഴി ചെന്നടിയുന്ന ചക്കംകണ്ടം കായലിലാണ് രാത്രിയുടെ മറവില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുത്. പൊന്തക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതും മേഖലയില്‍ തെരുവ് വിളക്ക് പ്രകാശിക്കാത്തതും മാലിന്യം തള്ളാനെത്തുന്നവര്‍ക്ക് കൂടുതല്‍ അവസരത്തിനു വഴിയൊരുക്കുന്നു. ഇത് മൂലം പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. രണ്ടാഴ്ചയായി പ്രദേശത്ത് ചൊറിയന്‍ പുഴു ശല്യം മൂലം ദുരിതം അനുഭവിക്കുകയാണ് നാട്ടുകാര്‍.  ഇതിനിടയിലാണ് സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്‍റെ ദുര്‍ഗന്ധം കൂടി പേറേണ്ടി വരുന്നത്. ജനജീവിതം ദുസ്സഹമാക്കിയ പുഴു ശല്യത്തിനു പുറമെ സെപ്റ്റിട് ടാങ്ക് മാലിന്യം തള്ളുക കൂടി ചെയ്തതോടെ ഇരുട്ടടി കിട്ടിയ പോലെയായി നാട്ടുകാര്‍ക്ക്.  മഴ കുറയുകയും കായലില്‍ നീരൊഴുക്ക് കുറയുകയും ചെയ്തതോടെയാണ് ദുര്‍ഗന്ധം രൂക്ഷമായിരിക്കുന്നത്. ചക്കംകണ്ടം  നിവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണയിലാണ്. നേരത്തെ നിരവധി തവണ നഗരസഭയില്‍ പരാതിപെട്ടെങ്കിലും ഫലമുണ്ടാകുന്നില്ലെന്ന്   പ്രദേശവാസിയായ ലിയാഖത്ത് ചാവക്കാട് പറഞ്ഞു.

Comments are closed.