പരിശീലനത്തിനായി പോയ താമരയൂർ സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി

ഗുരുവായൂർ: പരിശീലനത്തിനായി പോയ സൈനികനെ ബറേലിയിൽ കാണാതായതായി പരാതി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക് പോയെന്നാണ് കുടുംബം പറയുന്നത്. ബറേലിയിലേക്ക് പോകാൻ 9നാണ് ബാന്ദ്രയിൽ നിന്ന് റാംനഗർ എക്സ്പ്രസ് ട്രെയിനിൽ കയറിയത്. 10–ാം തീയതിവരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല.

ഗുരുവായൂർ എംഎൽഎയ്ക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും വീട്ടുകാർ പരാതി നൽകി.
ബറേലിയിലേക്കു പരിശീലനത്തിനായി പോയതാണ് ഫർസീൻ. വ്യാഴാഴ്ച രാത്രി മുതൽ ഫോണിൽ കിട്ടുന്നില്ല. ബറേലിക്ക് തൊട്ടടുത്തുള്ള ഇസ്സത്ത് നഗറിലാണ് അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. പരിശീലനത്തിനും എത്തിയില്ല. ഒറ്റയ്ക്കാണ് യാത്ര ചെയ്തത്. മൂന്നു മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്. വിവാഹിതനാണ്.
പോലീസ് അന്വേഷണം ഊർജ്ജിത പ്പെടുത്തിയിട്ടുണ്ട്. സൈനികതലത്തിലും അന്വേഷണം നടക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഫർസിനെ തിരഞ്ഞു ബറെലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനിലുള്ള സഹോദരനും ബന്ധുവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
ലീവിന് നാട്ടിലെത്തുമ്പോഴെല്ലാം സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഫർസിനു വേണ്ടി നാട് മുഴുവൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ്.

Comments are closed.