ഏനാമാവ് കരിമ്പാടം കോൾപടവിൽ പുള്ളിച്ചുണ്ടൻ താറാവുകൾ വിരുന്നെത്തി.

പാവറട്ടി: ഏനാമാവ് കരിമ്പാടം കോൾപടവിൽ പുള്ളിച്ചുണ്ടൻ താറാവുകൾ വിരുന്നെത്തി. ഭക്ഷണവും വെള്ളവും സമൃദ്ധമായി ലഭിക്കുമെന്നതിനാലാണ് ഇവിടെ എത്തിയത്. പ്രജനനം മഴക്കാലത്താണ്. താറാവിനത്തിൽ പെട്ട ഇവ ഇംഗ്ലീഷിൽ ഇന്ത്യൻ സ്പോട്ട്-ബിൽഡ് ഡക് എന്നറിയപ്പെടുന്നു.ഏറ്റവും ശ്രദ്ധേയമായ സവിശേഷത കറുത്ത ചുണ്ടിന്റെ അറ്റത്ത് തിളക്കമുള്ള മഞ്ഞ വരയാണ്. ചുണ്ടിന്റെ മുകൾഭാഗത്ത് നെറ്റിയോട് ചേരുന്നിടത്ത് രണ്ട് ചുവന്ന പാടുകളും ഉണ്ടാകും. വടക്കെ ഇന്ത്യ, പാകിസ്താൻ, തെക്കൻ നേപ്പാൾ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണപ്പെടുക.ആണും പെണ്ണും കാഴ്ചയിൽ ഒരുപോലെയാണ്. ജലസസ്യങ്ങളും ചെറിയ പ്രാണികളുമാണ് പ്രധാന ഭക്ഷണം. കേരളത്തിൽ മഴക്കാലം ആകുന്നതോടുകൂടിയാണ് ഇവിടെ എത്തുന്നത്. ശുദ്ധജല തടാകങ്ങൾ മലിനമാകുന്ന ഈ സാഹചര്യത്തിൽ ഇവയുടെ എണ്ണത്തിൽ ക്രമാതീതമായ കുറവുണ്ട്. സ്പോട്ട്-ബിൽഡ് ഡക്ക് പോലുള്ള ജലപക്ഷികളെ സംരക്ഷിക്കുന്നതിന് കർശനമായ മാലിന്യ സംസ്കരണം, നഗര ജല ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനം, സമൂഹം നയിക്കുന്ന തണ്ണീർത്തട സംരക്ഷണ ശ്രമങ്ങൾ എന്നിവ ആവശ്യമാണ്


Comments are closed.