പുന്നയൂർക്കുളം : മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുക വഴി രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ തകര്‍ത്തെറിയുന്ന പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമുടനീളം നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ എസ് എസ് എഫ് പ്രതിഷേധ റാലി നടത്തി. രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് നോക്കി നില്‍ക്കാനാവില്ലെന്നും ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതിന് പകരം മാനുഷിക മൂല്യങ്ങളെ കാറ്റില്‍ പറത്തിയുള്ള വിവേചനപരമായ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള മാന്യതയാണ് ഭരണകൂടം കാണിക്കേണ്ടതെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ച് വിട്ട പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് പുന്നയൂര്‍ക്കുളത്ത് നടന്ന റാലി ആൽത്തറ സെന്ററിൽ സമാപിച്ചു. എസ് എസ് എഫ് വടക്കേക്കാട് ഡിവിഷൻ പ്രസിഡന്റ് സ്വാദിഖലി ഫാളിലി കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സോൺ സെക്രട്ടറി അഹ്മദുൽ കബീർ സഖാഫി അണ്ടത്തോട് പ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി അനസ് അഞ്ഞൂർ, അർസൽ കൊമ്പത്തയിൽ, അൻസാർ സഖാഫി അണ്ടത്തോട്, അഫ്സൽ മുസ്‌ലിയാർ അതിർത്തി എന്നിവര്‍ നേതൃത്വം നല്‍കി.