mehandi new

സുഭിക്ഷ ഹോട്ടൽ തുറന്നു – ഇരുപത് രൂപക്ക് ഊണ് ഇനി മുതുവട്ടൂരിലും

fairy tale

മുതുവട്ടൂർ : കേരള സർക്കാരിന്റെ ‘വിശപ്പ് രഹിതം നമ്മുടെ കേരളം -സുഭിക്ഷ പദ്ധതി ‘യുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ സംരംഭമായ സുഭിക്ഷ ഹോട്ടൽ ചാവക്കാട് നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും സഹകരണത്തോടെ ചാവക്കാട് നഗരസഭ ബലാമണിയമ്മ വനിത സ്മാരകമന്ദിരം കെട്ടിടത്തിൽ ആരംഭിച്ചു. സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ ശ്രീ.എൻ.കെ.അക്ബർ നിർവഹിച്ചു.
ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്‌ അദ്ധ്യക്ഷത വഹിച്ചു.

മുതുവട്ടൂർ ബാലാമണിയമ്മ വനിതാ സ്മാരകമന്ദിരം കെട്ടിടത്തിലെ രണ്ട് റൂമുകളാണ് നഗരസഭ സൗജന്യമായി സുഭിക്ഷ ഹോട്ടലിനായി അനുവദിച്ചു നൽകിയിട്ടുള്ളത്. കെട്ടിട സൗകര്യത്തിന് പുറമെ മറ്റു അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കിനൽകിയിട്ടുണ്ട്.സുഭിക്ഷ ഹോട്ടൽ വഴി ജനങ്ങൾക്ക് 20 രൂപയ്ക്ക് ഭക്ഷണം ലഭിക്കും. നഗരപ്രദേശത്ത് തൊഴിൽ തേടി വരുന്നവർ, ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നവർ ഇതര സംസ്ഥാന തൊഴിലാളികൾ, സമീപത്തെ ആശുപത്രിയിലെ കിടപ്പു രോഗികൾ എന്നിവർക്ക് ഈ പദ്ധതി വളരെയധികം സഹായകരമാകും.

ചാവക്കാട് നഗരസഭയിൽ ജനങ്ങൾക്ക് ഇരുപത് രൂപയ്ക്ക് ഉച്ച ഭക്ഷണം നൽകുന്ന രണ്ട് ജനകീയ ഹോട്ടലുകൾ നിലവിലുണ്ട്. സുഭിക്ഷ ഹോട്ടൽ കൂടി ആരംഭിച്ചതോടെ ചാവക്കാട് പ്രദേശത്തെത്തുന്ന സാധാരണക്കാർക്ക് കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം ലഭിക്കുന്നതിന് കൂടുതൽ അവസരം ലഭിച്ചിരിക്കുകയാണെന്നും ചെയർപേഴ്സൺ പറഞ്ഞു.

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതമാശംസിച്ചു. ചാവക്കാട് താലൂക് സപ്ലൈ ഓഫീസർ സൈമൺ ജോസ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ കെ.വി.സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാലികുളം അബ്ബാസ്, സജാദ് ഷെഹീർ, ഇ.പി. സുരേഷ് കുമാർ, ലാസർ പേരകം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ചാവക്കാട് നഗരസഭ കൗൺസിലർമാർ,ജീവനക്കാർ,സിവിൽ സപ്ലൈസ് ജീവനക്കാർ, പൊതു പ്രവർത്തകർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ നന്ദി പറഞ്ഞു.

Claps

Comments are closed.