ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡിലെ താമരയൂര്‍ – ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു.

60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് തല റോഡെന്നതിലുപരി താമരയൂര്‍, പേരകം, വാഴപ്പുള്ളി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുരുവായൂര്‍ – പൊന്നാനി സംസ്ഥാന പാതയിലെത്താനുള്ള പ്രധാന മാര്‍ഗമാണിത്.

വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമായതിനാല്‍ മഴക്കാലത്ത് ഗതാഗതം ദുഷ്‌കരമാകാറുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് റോഡ് പാടെ തകര്‍ന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപയും മുനിസിപ്പൽ ഫണ്ടായ 5 ലക്ഷം രൂപയും ഈ റോഡിന് അനുവദിച്ചിട്ടുണ്ട്. പ്രകൃതിദത്തവും ശാസ്ത്രീയവുമായ കാനയും ഡ്രൈനേജും ഉള്‍പ്പെടെയാണ് റോഡ് നവീകരിക്കുന്നത്.

ഗുരുവായൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കപ്പെട്ട വാർഡാണ് താമരയൂർ.

കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ടി.കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ
ടി.ടി.ശിവദാസൻ, കെ.പി.വിനോദ്, ബഷീർ പൂക്കോട്, സ്വരാജ് കരുണാകരൻ തുടങ്ങിയവർ സംസാരിച്ചു.