ചാവക്കാട് : തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച അവയവ മാറ്റ ശസ്ത്രക്രിയ കോ ഓര്‍ഡിനേറ്റര്‍ അവാര്‍ഡ് ചാവക്കാട് സ്വദേശിക്ക് ലഭിച്ചു. തിരുച്ചിറപ്പള്ളി സിതാര്‍ ആശുപത്രിയിലെ കരള്‍മാറ്റ ശസ്ത്രക്രിയ മുഖ്യ കോ ഓര്‍ഡിനേറ്റര്‍ പാലുവായ് സ്വദേശി ജോസഫ്.സി.സണ്ണിയാണ് അവാര്‍ഡിന് അര്‍ഹനായത്. ചെന്നൈയിലെ കലൈവാനര്‍ അരങ്ങില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപാടി പളനിസ്വാമി മെഡലും പ്രശസ്തിപത്രവും ജോസഫ്.സി.സണ്ണിക്കുസമ്മാനിച്ചു. ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വം, ആരോഗ്യ വകുപ്പുമന്ത്രി ഡോ.വിജയഭാസ്‌കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
2012 മുതല്‍ തിരുച്ചിറപ്പള്ളി സിതാര്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന ജോസഫ് ഇരുപതിലധികം മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളുടെ കുടുംബത്തിന് കൌണ്‍സിലിംഗ് കൊടുത്ത് അവയവദാനത്തിന് പ്രോത്‌സാഹനം നല്‍കി. ഇവരുടെ അവയവദാനത്തിലൂടെ 110 രോഗികള്‍ക്ക് പുതുജീവന്‍ നല്‍കി. കോഴിക്കോട് ഗവണ്മെന്റ് നഴ്‌സിംഗ് കോളെജില്‍നിന്നും ബി എസ്‌സി നഴ്‌സിംഗ് പഠനത്തിനുശേഷം ഹൈദരബാദ് അപ്പോളോ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസേ്ട്രഷനില്‍നിന്നും ഹേസ്പിറ്റല്‍ മാനേജ്‌മെന്റില്‍ മാസേ്റ്റഴ്‌സ് ഡിഗ്രിയും ജോസഫ് നേടിയിട്ടുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രണ്ടുവര്‍ഷം സേവനമനുഷ്ഠിച്ചു.
ചാവക്കാട് പാലുവയ് ചക്രമാക്കില്‍ സണ്ണിജോസഫിന്റെയും ലീനയുടെയും മകനാണ്. ഭാര്യ അഞ്ജു. മക്കള്‍ മഴ, നിള.