കേന്ദ്ര ഭരണകൂടം സുരക്ഷിതമായ ജീവിതം ഉറപ്പ് വരുത്തണം – റസാഖ് പാലേരി

ചാവക്കാട്: രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. തീവ്രവാദ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ ഉണ്ടാകണം. പൗരന്മാരുടെ സുരക്ഷിതമായ ജീവിതം ഉറപ്പ് വരുത്തണമെന്നും വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

യുദ്ധ സാഹചര്യം മുൻ നിർത്തി കേന്ദ്ര ഭരണകൂടം നടത്തുന്ന ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ പ്രതിഷേധാർഹമാണ്. ഇന്ത്യയിലെ 8000 എക്സ് അക്കൗണ്ടുകൾ തടഞ്ഞു വെച്ചു. പ്രത്യേകിച്ച് കാരണമോ വിശദീകരണമോ കൊടുക്കാതെയാണ് ഇത്തരം നടപടികൾ. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും പ്രവർത്തനം തടയുന്നത് ജനാധിപത്യത്തിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും റസാഖ് പാലേരി പറഞ്ഞു. നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ സംസ്ഥാനത്തെ 14 ജില്ലകളിലുമായി സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ ഗുരുവായൂർ മണ്ഡലം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം തന്നെ ഇനിയൊരു യുദ്ധം താങ്ങാൻ ലോകത്തിനാവില്ല. പ്രത്യേകിച്ച് രണ്ട് ആണവ ശക്തികൾ സംഘർഷ മുഖത്ത് മുഖാമുഖം നിലയുറപ്പിക്കുന്നത് ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. യുദ്ധം വലിയ കെടുതികളാണ് സമ്മാനിക്കുക. സാധാരണ മനുഷ്യർ കൊല്ലപ്പെടും. യുദ്ധം ഒഴിവാക്കപ്പെടണം.
മറുവശത്ത് ഉന്മാദാവസ്ഥയിൽ യുദ്ധസാഹചര്യത്തെ അവതരിപ്പിക്കുന്ന പ്രവണത പല മാധ്യമങ്ങളിലും കണ്ടു വരുന്നു. വിവേക ബുദ്ധിയോടെയും സാമൂഹിക പ്രതിബദ്ധതയോടെയുമാണ് എല്ലാവരും ഈ സാഹചര്യയത്തെ സമീപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഈ നാടിനും നൽകാനുള്ളത്. അവർണർക്ക് ആരാധനാ സ്വാതന്ത്ര്യം വരെ നിഷേധിക്കപ്പെടുന്ന സാമൂഹിക ദുരാചാരത്തിനെതിരെ ഗുരുവായൂർ സത്യാഗ്രഹം നടന്ന മണ്ണാണിത്. ഇത്തരം സാമൂഹിക മുന്നേറ്റങ്ങളുടെ തുടർച്ചയായാണ് വെൽഫെയർ പാർട്ടി സാഹോദര്യം എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് പദയാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടൽ മണൽ ഖനനത്തിനെതിരെ സാഹോദര്യത്തിന്റെ പേരിൽ നമ്മൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാവക്കാട് ഒരുമനയൂർ തങ്ങൾപടിയിൽ നിന്നും ആരംഭിച്ച പദയാത്ര ചാവക്കാട് ആശുപത്രിറോഡ് ജങ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി ജെബീനഇർഷാദ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം. ഷംസീർ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ. എസ്. നിസാർ, ജനറൽ സെക്രട്ടറി റഖിബ് കെ തറയിൽ, ജില്ലാ വൈസ് പ്രസിഡന്റ്. സരസ്വതി വലപ്പാട്, ജില്ലാ പ്രവാസി പ്രസിഡന്റ് അക്ബർ പെലെമ്പാട്ട്, പ്രോഗ്രാം കൺവീനർ സി. ആർ. ഹനീഫ, മണ്ഡലം സെക്രട്ടറി ഒ. കെ.റഹീം, എം കെ അസ്‌ലം എന്നിവർ സംസാരിച്ചു.
റസാഖ് ആലുപടി, കെ വി ശിഹാബ്, മുസ്തഫ കമാൽ, വി എം ഹുസൈൻ ഗുരുവായൂർ, പി എച്ച് റസാഖ്, സി മൊയ്‌ദീൻകുഞ്ഞി, മുസ്തഫ പഞ്ചവടി, ടി കെ താഹിർ, കെ പി ജഫീർ, അബ്ദുൽസലാം, നൗഷാദ് ഓവുങ്ങൽ, മുഹമ്മദ് സുഹൈൽ എന്നിവർ സ്വീകരണ പദയാത്രക്ക് നേതൃത്വം നൽകി.

Comments are closed.