കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ ഈ മാസം തുറന്ന് നൽകും
ചാവക്കാട് : ഗുരുവായൂർ മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു. മണ്ഡലത്തിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, ഹാർബർ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. കെട്ടിട വിഭാഗവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് എംഎൽഎ നിർദ്ദേശിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്തിലെ സൈക്ലോൺ ഷെൽട്ടർ ഈ മാസം തുറന്ന് നൽകുന്നതിനായി കെട്ടിട്ടത്തിലെ ഇലക്ട്രിഫിക്കേഷൻ അടക്കമുള്ള പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കാനും നിർദ്ദേശിച്ചു.
രാമുകാര്യാട്ട് സ്മാരക മന്ദിരത്തിൽ കുഴൽ കിണർ സ്ഥാപിക്കുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി ലഭ്യമാക്കാനുള്ള നടപടി ഉടൻ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം എൽഎ നിർദ്ദേശം നൽകി.നാട്ടിക കുടിവെള്ള പദ്ധതിയുടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദ്ദേശം നൽകി.
കനോലി കനാലിന് മുകളിലൂടെയുള്ള പുതിയ പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഇറിഗേഷൻ വകുപ്പ്, പൊതുമരാമത്ത് പാലം എന്നിവയുടെ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
ചിങ്ങനാത്ത് കടവ് പാലം അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം പൂർത്തീകരിച്ച് എക്സ്പേർട്ട് കമ്മിറ്റി സ്ഥലം സന്ദർശിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ബ്രിഡ്ജ് ഡിസൈൻ കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും എം എൽ എ നിർദ്ദേശം നൽകി.
ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയർ എസ് ഹരീഷ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ മാലിനി വിവിധ വകുപ്പുകളിലെ എഞ്ചിനീയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.